| Saturday, 25th October 2025, 9:17 pm

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ സര്‍ഫാസിന് യോഗ്യത തെളിയിക്കേണ്ട; പിന്തുണയുമായി ഷര്‍ദുല്‍ താക്കൂര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ബാറ്റര്‍ സര്‍ഫറാസ് ഖാന് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് തയ്യാറാണെന്ന് മുംബൈ ക്യാപ്റ്റന്‍ ഷര്‍ദുല്‍ താക്കൂര്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ സര്‍ഫാസിന് ഇന്ത്യ എ മത്സരത്തില്‍ കളിച്ച് യോഗ്യത തെളിയിക്കേണ്ട ആവശ്യമില്ലെന്നാണ് ഷര്‍ദുല്‍ പറഞ്ഞത്. മാത്രമല്ല സ്‌കോറിങ് പുനരാരംഭിച്ചാല്‍ സര്‍ഫറാസിന് ഉടന്‍ തന്നെ ടെസ്റ്റ് പരമ്പര കളിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ സമ്മര്‍ദത്തില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുന്ന താരമാണ് സര്‍ഫറാസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചത്തീസ് ഗഢിനെതിരായ മുംബൈയുടെ രഞ്ജീ ട്രോഫി മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘ഇന്ന് ഇന്ത്യ എ ടീമില്‍, അന്താരാഷ്ട്ര ക്രിക്കറ്റിനായി തയ്യാറെടുക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളെയാണ് അവര്‍ നോക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ സര്‍ഫറാസിന് ഇന്ത്യ എ മത്സരം ആവശ്യമില്ല. അദ്ദേഹം വീണ്ടും സ്‌കോറിങ് പുനരാരംഭിച്ചാല്‍, അദ്ദേഹത്തിന് ഉടന്‍ തന്നെ ടെസ്റ്റ് പരമ്പര കളിക്കാന്‍ കഴിയും.

അദ്ദേഹം ഒരു സീനിയര്‍ പ്രൊഫഷണലാണ്, പ്രതിസന്ധി ഘട്ടങ്ങളില്‍ പന്തെറിയുന്ന ഒരാളാണ് അദ്ദേഹം. 200-250 എന്ന വലിയ സ്‌കോറാണ് അദ്ദേഹത്തിനുള്ളത്, ടീം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടോ മൂന്നോ റണ്‍സ് പിന്നിലായിരുന്നപ്പോഴാണ് ആ ഇന്നിങ്‌സുകള്‍ വന്നത്. സമ്മര്‍ദത്തില്‍ അത്തരം ഇന്നിങ്‌സുകള്‍ കളിക്കാന്‍, നിങ്ങളില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം,’ താക്കൂര്‍ പറഞ്ഞു.

അടുത്തിടെ സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള മത്സരങ്ങളുടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ സര്‍ഫറാസിനെ ഉള്‍പ്പെടുത്താതിരുന്നതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താത്തതില്‍ പല താരങ്ങളും വിമര്‍ശനം നടത്തിയിരുന്നു.

ആഭ്യന്തര മത്സരങ്ങളില്‍ മികച്ച റെക്കോഡുള്ള സര്‍ഫറാസ് ഖാന്‍ 2024ല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം പരമ്പരയായിരുന്നു അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ഇംഗ്ലണ്ട് പര്യടനത്തിലും സര്‍ഫറാസിനെ ഉള്‍പ്പെടുത്തിയില്ലായിരുന്നു.

അതേസമയം നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ 74 റണ്‍സ് നേടി താരം തിളങ്ങിയിരുന്നു. മാത്രമല്ല അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ 92 റണ്‍സ് നേടിയും സര്‍ഫറാസ് മികവ് തെളിയിച്ചു.

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളില്‍ നിന്ന് 371 റണ്‍സാണ് താരം നേടിയത്. 150 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 37.1 ആവറേജില്‍ റണ്‍സ് നേടിയ താരം ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും നേടി.

Content Highlight: Shardul Thakur Talking About Sarfaraz Khan

We use cookies to give you the best possible experience. Learn more