| Sunday, 17th August 2025, 3:12 pm

ഞാനും അവരും ഒരേ തോണിയിലെ യാത്രക്കാര്‍: ഷര്‍ദുല്‍ താക്കൂര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്തത് വളരെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂര്‍. അത്തരമൊരു സാഹചര്യം ഓരോ കളിക്കാരനും വലിയ വെല്ലുവിളിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താക്കൂര്‍.

അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ താക്കൂറും ടീമില്‍ ഇടം പിടിച്ചിരുന്നു. ഈ പരമ്പരയില്‍ താരത്തിന് രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. ഒന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലുമായിരുന്നു പേസ് ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്.

വിവാദങ്ങള്‍ കൊണ്ടും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്ത തീരുമാനങ്ങള്‍ കൊണ്ടും ഈ പരമ്പര വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ തന്നെ ടീമില്‍ ഉണ്ടായിട്ടും കുല്‍ദീപ് യാദവിനും അഭിമന്യൂ ഈശ്വരനും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിനെ കുറിച്ചാണ് താരം അഭിമുഖത്തിനിടെ സംസാരിച്ചത്.

‘ചില അവസരങ്ങളില്‍ ഞാന്‍ അവരെ പോലെയായിരുന്നു. എന്റെ കഴിവ് തെളിയിക്കാന്‍ പലപ്പോഴും അവസരങ്ങള്‍ ലഭിച്ചില്ല. ഒരു താരത്തിനും ടീമിന് പുറത്ത് നില്‍ക്കുകയെന്നത് എളുപ്പമല്ല. അപ്പോള്‍ നമ്മള്‍ വികാരങ്ങള്‍ക്ക് അടിമപ്പെടും. നമ്മള്‍ നമ്മളെ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങും. ‘എന്തിനാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്, എനിക്ക് അവസരം ലഭിക്കുന്നില്ലല്ലോയെന്ന്’ ചിന്തിക്കാന്‍ തുടങ്ങും,’ താക്കൂര്‍ പറഞ്ഞു.

ഇങ്ങനെയൊക്കെയാണ് സാഹചര്യങ്ങളെങ്കിലും എല്ലാവര്‍ക്കും ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ കഴിയില്ലെന്ന് നമ്മള്‍ ആലോചിക്കണമെന്നും ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്തില്‍ ടീമിലെ സ്ഥാനത്തിനായി വലിയ മത്സരമാണ്. കഴിവുള്ള നിരവധി താരങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍, 11 പേര്‍ക്ക് മാത്രമേ ടീമില്‍ കളിക്കാന്‍ കഴിയുകയുള്ളൂവെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

‘അപ്പോള്‍ പുറത്തിരിക്കുമ്പോള്‍ ഏറ്റവും മികച്ച 11 പേരാണ് കളിക്കുന്നതെന്ന് നമ്മള്‍ അംഗീകരിക്കണം. ഇത് എന്റെ മത്സരമല്ലെന്ന് നമ്മള്‍ മനസിനെ പഠിപ്പിക്കണം. കളിയുടെ സാഹചര്യത്തിന് അനുസരിച്ചാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും ഓര്‍ക്കുക. എന്നാല്‍, ടീമിന്റെ ഭാഗമാവാനും മറ്റു താരങ്ങളുമായി
ഒരേ ഡ്രസിങ് റൂമും പങ്കിടാനും കഴിയുന്നത് ഭാഗ്യമാണ്. എനിക്ക് ഇന്ത്യയുടെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്,’ താക്കൂര്‍ പറഞ്ഞു.

Content Highlight: Shardul Thakur says he was once like Kuldeep yadav and Abhimanyu Easwaran

We use cookies to give you the best possible experience. Learn more