മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും ഒക്കെ കൂട്ടായി മാറിയ നൂറുകണക്കിന് ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് പ്രശസ്ത സംഗീത സംവിധായകൻ ശരത് വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
‘ഞാൻ ‘മേഘതീർത്ഥം’ എന്ന സിനിമ ചെയ്യുമ്പോൾ ഗിരീഷ് പുത്തഞ്ചേരി എന്റെ റൂമിൽ വന്നിട്ട്, ‘ഡാ, പാടെടാ’ എന്ന് പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു. ‘ഇപ്പോൾ ഇത് ഞാൻ പാടിയാൽ അണ്ണന് മനസ്സിലാവാത്ത ഒരു മൂഡിലാണ് അണ്ണാച്ചി ഉള്ളത്. അതുകൊണ്ട് ഞാൻ നാളെ ഇതൊന്ന് നോക്കാം. നന്നായി നോക്കിയിട്ട് നമുക്ക് പാടുകയും ബാക്കി കാര്യങ്ങൾ ചെയ്യുകയും ചെയ്യാം.’
ശരത്.ഗിരീഷ് പുത്തഞ്ചേരി:PhotoFilmibeat
അപ്പോൾ പുള്ളി എന്നോട്: ‘340-ഓളം പടത്തിന് പാട്ടിന്റെ വരികൾ എഴുതിയ ആളാടാ ഗിരീഷ് പുത്തഞ്ചേരി. നീ എത്ര പടത്തിന് സംഗീത സംവിധാനം ചെയ്തിട്ടുണ്ടെടാ?’ എന്ന് ചോദിച്ചു.എനിക്കാണെങ്കിൽ വിരലിലെണ്ണാവുന്ന പടങ്ങളേ ഉള്ളൂ. ഒരു മൂന്നോ നാലോ എണ്ണം.
ഞാൻ പറഞ്ഞു: ‘അണ്ണാ, അതല്ല ഞാൻ പറഞ്ഞത്. കുളിച്ച് ഫ്രഷ് ഒക്കെ ആയിട്ട് നോക്കി ചെയ്യുമ്പോൾ ഒരു സുഖമുണ്ടാവും.’ അത് പറഞ്ഞതും പുള്ളി ആ പേപ്പർ എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട്, ‘നിന്റെ പാട്ടും വേണ്ട, ഒരു കുന്തവും വേണ്ടടാ’ എന്ന് ചീത്തയും വിളിച്ച് ഇറങ്ങിപ്പോയി.
എന്നാൽ അടുത്ത ദിവസം രാവിലെ വന്ന് കതകിൽ മുട്ടിയിട്ട്, ‘ഇപ്പോൾ പാടാമല്ലേ?’ എന്ന് ചോദിച്ചു. അത്രയേയുള്ളൂ സംഭവം. അപ്പോൾ പുള്ളി വരികൾ എഴുതിക്കൊണ്ടുവന്നു, ഞാൻ ആ പേപ്പറുമായി പോയി. എനിക്ക് ഫ്ലൈറ്റിന് സമയമായിരുന്നു. അവിടെ പോയി നോക്കിയപ്പോൾ അതിൽ പല്ലവി മാത്രമേയുള്ളൂ, ചരണമൊന്നുമില്ല. ഉടനെ ഞാൻ അണ്ണാച്ചിയെ വിളിച്ച് പറഞ്ഞു: ‘നാളെക്കഴിഞ്ഞ് ഷൂട്ടിങ് ഉള്ളതാണ്, എനിക്കിത് അയക്കണം.’
ഗിരീഷ് പുത്തഞ്ചേരി.Photo: Samakalika malayalam
അപ്പോൾ, ‘നീ പാടിത്തന്നതൊക്കെ ഞാൻ എഴുതിയിട്ടുണ്ടല്ലോ’ എന്ന് അണ്ണാച്ചി പറഞ്ഞു. നോക്കിയപ്പോൾ ചരണത്തിന് പകരം ‘താനം’ എന്ന് എഴുതിയിരിക്കുന്നു. ഞാൻ ഡമ്മി പാടുമ്പോൾ ‘തന്നാന തന്നനം’ എന്ന് പാടാറുണ്ട്. അപ്പോൾ ഇതൊക്കെ പാട്ടിന്റെ വരികളാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാണ്. ഞാൻ പറഞ്ഞു: ‘ഇനി മേലാൽ ഇത് വരികളല്ല, താനമാണെന്ന് ധരിക്കരുത്. എനിക്കിപ്പോൾ വരികൾ വേണം.’
സത്യമായിട്ടും ഇത് പറയുമ്പോഴും എന്റെ മനസ്സിൽ വിഷമം വരും. കാരണം, ഞാൻ പറഞ്ഞത് കേട്ട ഉടനെ അദ്ദേഹം എനിക്ക് വരികൾ പറഞ്ഞുതന്നു. ആ പാട്ടാണ് ‘ഭാവയാമി’,ശരത് ഓർത്തെടുത്തു.
Content Highlight:Sharath shares memmories of Gireesh Puthanchery