| Wednesday, 4th February 2026, 4:34 pm

ലയന ചർച്ചകളെ കുറിച്ച് പറയാൻ ഫഡ്‌നാവിസിന് എന്ത് അധികാരം; ചർച്ചയ്ക്ക് നേതൃത്വം നൽകിയത് അജിത് പവാറും ജയന്ത് പാട്ടീലും: ശരദ് പവാര്

മുഹമ്മദ് നബീല്‍

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടികളുടെ(എൻ.സി.പി) ലയനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പങ്കില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ.

പാർട്ടിയുടെ ലയന ചർച്ചയ്ക്ക് നേതൃത്വം നൽകിയിരുന്നത് അജിത് പവാറും ജയന്ത് പാട്ടിലുമാണെന്ന് പറഞ്ഞ ശരദ് പവാർ ലയന ചർച്ചകളെ കുറിച്ച് പറയാൻ ദേവേന്ദ്ര ഫഡ്നാവിസിന് എന്ത് അധികാരമാണുള്ളതെന്നും പറഞ്ഞു.

നിലവിൽ ഒരു രാഷ്ട്രീയ ചർച്ചകൾക്കുമില്ലെന്നും അജിത് പവാറിന്റെ മരണത്തിൽ ദുഖിതരായവരെ പരിചരിക്കലിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നതെന്നും ശരദ് പവാർ ബാരാമതിയിലെ പത്രസമ്മേളനത്തിൽ പറഞ്ഞു.

അജിത് പവാർ ലയന ചർച്ചകൾക്കുമുതിരുമ്പോൾ ബി.ജെ.പി യോട് ആലോചിക്കാതിരിക്കുമോയെന്ന് ഫഡ്‌നാവിസ് തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടപ്പോൾ ചോദിച്ചിരുന്നു.

ഇത്തരമൊരു ലയനചർച്ച അദ്ദേഹം നടത്താൻ തീരുമാനിക്കുമ്പോൾ സ്ഥിരതയുള്ള എൻ.ഡി.എ സർക്കാരിൽനിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുമോ എന്ന് ചോദിച്ച മുഖ്യമന്ത്രി ചിലർ ആശയകുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു.

‘മഹാരാഷ്ട്ര നിയമസഭയായാലും രാജ്യത്തിന്റെ ലോക്സഭയായാലും, കഴിഞ്ഞ 58 വർഷമായി ഞാൻ അംഗമാണ്. ഈ 58 വർഷത്തിനിടയിൽ, ബജറ്റ് ദിനത്തിൽ ഞാൻ ഒരിക്കലും പാർലമെന്റിൽ നിന്ന് വിട്ടുനിന്നിട്ടില്ല. നിർഭാഗ്യവശാൽ, എന്റെ കുടുംബത്തിൽ ഉണ്ടായ നിർഭാഗ്യ സംഭവം കാരണം, ഇത്തവണ ബജറ്റ് ദിവസം എനിക്ക് പാർലമെന്റിൽ ഹാജരാകാൻ കഴിഞ്ഞില്ല,’ ശരദ് പവാർ പറഞ്ഞു.

സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ശരദ് പവാർ ഇപ്പോൾ രാഷ്ട്രീയ ചർച്ചയ്ക്കുള്ള സമയമല്ലെന്നും പറഞ്ഞു.

ജനുവരി 28 നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ മരണപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ പങ്കാളി സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിരുന്നു.

Content Highlight: Sharath pavar against maharashtra CM fatnavis

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more