അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് നിരവധി സിനിമകളില്‍ കോമഡി റോളുകളില്‍ തിളങ്ങിയ ഷറഫുദ്ദീന്‍ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.
പെറ്റ് ഡിറ്റക്ടീവാണ് ഷറഫുദ്ദീന്റേതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘പ്രേമത്തിലെ ഗിരിരാജന്‍ കോഴി വലിയരീതിയില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ടു. അത് പ്രതീക്ഷിച്ചതിലും ഒരുപാട് മടങ്ങ് മുകളിലായിരുന്നു. എന്നാല്‍ പ്രേമം ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇതാണെന്റെ മാക്‌സിമം എന്നാണ്. പ്രത്യേകിച്ച് എഫേര്‍ട്ട് ഒന്നും എടുത്തിട്ടില്ല ആ കഥാപാത്രം അവതരിപ്പിക്കാന്‍, എന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലൊക്കെ ഐറ്റം ഒക്കെയാണ് ഞാന്‍ അവിടെ ചെയ്തത്.
പിന്നീട് പാവട എന്ന സിനിമയില്‍ ഒരു വേഷം ചെയ്തു. അതില്‍ എത്തി കഴിഞ്ഞപ്പോള്‍ ക്യത്യമായി ഞാന്‍ ഒരു സിനിമയിലേക്ക് ലാന്‍ഡ് ചെയ്തു എന്നൊരു ഫീല്‍ എനിക്കുണ്ടായി,’ ഷറഫുദ്ദീന്‍ പറയുന്നു.
ആദി എന്ന സിനിമയിലാണ് ആദ്യമായി തമാശക്കാരനല്ലാത്ത ഒരു വേഷം ചെയ്തതെന്നും പിന്നീട് കാര്‍ബണ്‍, വരത്തന്‍ എന്നിങ്ങനെ കുറച്ച് സിനിമകള്‍ ചെയ്തുവെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. വരത്തന്‍ എന്ന സിനിമക്ക് ശേഷം തമാശയിലേക്ക് പോയിട്ടില്ലെന്നും പിന്നീട് ക്യാരക്ടര്‍ റോളിലേക്ക് നീങ്ങുകയായിരുന്നുവെന്നും ഷറഫുദ്ദീന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെല്‍ഫ് ഡൗട്ട് തനിക്കിപ്പോഴും ഉണ്ടാകാറുണ്ടെന്നും അഞ്ചാം പാതിരയുടെ സമയത്തും ആ കഥാപാത്രത്തെ നല്ലവണ്ണം അവതരിപ്പിക്കാന്‍ കഴിയുമോ എന്ന സംശയമുണ്ടയിരുന്നുവെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.
Content highlight: Sharafudheen talks about the films Premam Varathan