| Monday, 28th July 2025, 11:00 pm

അന്ന് അഞ്ചാം പാതിര എന്നെ കൊണ്ട് പറ്റുമോയെന്ന് സംശയം തോന്നി: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2020ല്‍ മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് എത്തിയ ചിത്രമാണ് അഞ്ചാം പാതിര. നടന്‍ ഷറഫുദ്ദീന്‍ ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രമായിട്ടാണ് ഷറഫുദ്ദീന്‍ അഞ്ചാം പാതിര സിനിമയില്‍ അഭിനയിച്ചത്. ആ വേഷത്തിലൂടെ നടന് ഏറെ പ്രശംസകള്‍ നേടാനും സാധിച്ചിരുന്നു. ഇപ്പോള്‍ ഈ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ഷറഫുദ്ദീന്‍.

തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോയെന്ന് സംശയം തോന്നിയ ഒരു കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷറഫുദ്ദീന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഒരുപക്ഷെ അഞ്ചാം പാതിര ആകും, എന്നെ കൊണ്ട് പറ്റുമോയെന്ന് സംശയം തോന്നിയ ഒരു കഥാപാത്രം. എന്നിട്ടും ഞാന്‍ ആ സിനിമ ചെയ്തു എന്നതാണ് കാര്യം. മുമ്പ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം നോക്കുമ്പോള്‍ അഞ്ചാം പാതിര സിനിമയില്‍ എനിക്ക് ചെയ്യാന്‍ ഉണ്ടായിരുന്നത് വേറെ തന്നെ ലീഗിലുള്ള കഥാപാത്രമാണല്ലോ.

അതുകൊണ്ടാവും ആ കഥ കേട്ടപ്പോള്‍ ഞാന്‍ സംശയിച്ചിരുന്നു. സിനിമയുടെ അവസാനം വന്ന് പഞ്ചുള്ള മാസ് ഡയലോഗും പറയണമല്ലോ. ഞാന്‍ പറയുന്നത് കേട്ട് ‘ആരാടാ അത്’ എന്ന് ചോദിച്ച് ആളുകള്‍ തിയേറ്ററില്‍ കൂവുമോ എന്നതായിരുന്നു എന്റെ സംശയം.

സത്യത്തില്‍ അത് ഞാന്‍ പേടിച്ചിരുന്നു. എന്തുകൊണ്ടോ എനിക്ക് ആ പേടി ഉണ്ടായിരുന്നു. പക്ഷെ അഞ്ചാം പാതിര സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ അങ്ങനെയല്ല സംഭവിച്ചത്. ആളുകള്‍ കഥാപാത്രത്തെ സ്വീകരിച്ചു,’ ഷറഫുദ്ദീന്‍ പറയുന്നു.

Copntent Highlight: Sharafudheen Talks About His Character In Anjam Pathira

We use cookies to give you the best possible experience. Learn more