| Saturday, 19th July 2025, 1:03 pm

ദിവസങ്ങളോളം വിങ്ങലായി നിന്ന ചിത്രം; അതിന്റെ ക്ലൈമാക്‌സ് കണ്ട് ഛര്‍ദിച്ചു: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസില്‍ ചേക്കേറിയ താരമാണ് ഷറഫുദ്ദീന്‍. കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച നടന്‍ വരത്തന്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഷറഫുദ്ദീന്‍ തെളിയിച്ചു. പിന്നീട് നായകനായും വില്ലനായും കോമഡീയനായും സഹനടനായും അദ്ദേഹം തിളങ്ങി.

ഇപ്പോള്‍ വില്ലന്‍ വേഷങ്ങളെ അവതരിപ്പിക്കുന്നതിനെ കുറച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍. തന്റെ ധൈര്യക്കുറവ് കൊണ്ട് വിട്ടുകളഞ്ഞ കുറച്ചധികം നല്ല കഥാപാത്രങ്ങള്‍ ഉണ്ടെന്നും വരത്തനിലേക്ക് അമല്‍ നീരദ് വിളിച്ചപ്പോള്‍ പറ്റില്ലെന്ന് പറയാന്‍ കഴിഞ്ഞില്ലെന്നും ഷറഫുദ്ദീന്‍ പറയുന്നു.

ചെറുപ്പം മുതല്‍ വയലന്‍സ് മനം മടുപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരുത്തിവീരന്‍ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മുത്തഴകിന്റെ തലയില്‍ ആണി കയറുന്ന സീന്‍ കണ്ടു ഛര്‍ദിച്ചുവെന്നും ദിവസങ്ങളോളം അത് വിങ്ങലായി നിന്നുവെന്നും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല എന്നൊരു ചിന്ത തനിക്കുണ്ടെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

പ്രേമത്തിന് ശേഷം വന്ന കഥാപാത്രങ്ങളില്‍ എന്റെ ധൈര്യക്കുറവ് കൊണ്ട് വിട്ടുകളഞ്ഞ കുറച്ചധികം നല്ല റോളുകളുണ്ട്. നല്ല ആക്ടറാണെന്ന് വിശ്വാസമില്ലാത്തത് ആയിരുന്നു പ്രശ്‌നം. വരത്തനിലേക്ക് അമല്‍ നീരദ് വിളിച്ചപ്പോള്‍ നോ പറയാനായില്ല. ആ റോളിനെ കുറിച്ച് മനോഹരമായി വിവരിച്ചുതന്നു. സ്‌കൂളില്‍ വെച്ച് കുറച്ച് ഇടിയൊക്കെ ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ചോരയും വയലന്‍സുമൊക്കെ മനം മടുപ്പിക്കും.

പണ്ട് പരുത്തിവീരന്‍ സിനിമ കാണാന്‍ തിയേറ്ററില്‍ പോയി. ക്ലൈമാക്സില്‍ മുത്തഴകിന്റെ തലയില്‍ ആണി കയറുന്ന സീന്‍ കണ്ടു ഛര്‍ദിച്ചു. ദിവസങ്ങളോളം അത് വിങ്ങലായി. അതുകൊണ്ടാകും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല എന്നൊരു ചിന്ത ഇപ്പോഴുണ്ട്. അഞ്ചാംപാതിരയില്‍ കത്തിയില്‍ പുരട്ടിയിരുന്ന രക്തം കൂടുതലാണ് എന്ന് പറഞ്ഞ് ക്രൂവിനെ ഞെട്ടിച്ചിട്ടുണ്ട്.

അതിലും ഞെട്ടിയത് ആ സിനിമയ്ക്ക് പിന്നാലെ തമിഴിലെ ആദ്യ ഓഫര്‍ വന്നപ്പോഴാണ്. ഒരു ദിവസം അജു വര്‍ഗീസിന്റെ ഫോണ്‍, ‘തമിഴിലൊരു വേഷമുണ്ട്, ആര്‍.ജെ ബാലാജി വിളിക്കും’ എന്ന്. സൊര്‍ഗവാസല്‍ എന്ന സിനിമയിലെ ക്രൂരനായ പൊലീസ് വേഷത്തിലേക്ക് കാസ്റ്റ് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു, ‘റൊമ്പ മോശവാനവന്‍, ഡെവിളിഷ്’ എന്നൊക്കെ. വരത്തന്‍, അഞ്ചാം പാതിര, സൊര്‍ഗവാസല്‍, പടക്കളം എന്നിവക്ക് ശേഷം അഞ്ചാമത്തെ വില്ലന്‍ വേഷം ചര്‍ച്ചയിലാണ്. ഇതിന്റെ മറുവശത്ത് ഒട്ടും ടോക്സിക് അല്ലാത്ത നായകവേഷങ്ങള്‍ കിട്ടുന്നതിന്റെ സന്തോഷവുമുണ്ട്,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Sharafudheen Talks About Doing Negative Characters

We use cookies to give you the best possible experience. Learn more