| Saturday, 19th July 2025, 6:45 pm

മലയാള സിനിമയുടെ ആ മതില്‍ ഒരു ദിവസം പൊളിയുമെന്ന് അല്‍ഫോണ്‍സ് പറഞ്ഞു: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ മതില്‍ ഒരു ദിവസം പൊളിയുമെന്നും അന്നേരം അതിനുള്ളിലേക്ക് ഓടിക്കയറണമെന്നും ഒരിക്കല്‍ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ഷറഫുദ്ദീന്‍. അല്ലെങ്കില്‍ ചിലരൊക്കെ ചേര്‍ന്ന് ആ മതില്‍ വീണ്ടും കെട്ടുമെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍. 2010ന് ശേഷം മലയാളത്തില്‍ വന്ന സിനിമകള്‍ കണ്ടാല്‍ ആ മതില് വീണത് എപ്പോഴെന്ന് കൃത്യമായി മനസിലാകുമെന്നും നടന്‍ പറഞ്ഞു.

‘പ്ലസ്ടു കഴിഞ്ഞു, പിന്നെ പഠിച്ചില്ല. വീട്ടിലെ മൂത്തയാള്‍ ആയത് കൊണ്ട് വേഗം ജോലി നേടാനുള്ള തിരക്കായിരുന്നു. ചെറിയ ജോലികള്‍ ചെയ്താണ് തുടക്കം. പിന്നെ കാര്‍ ഡീലര്‍ഷിപ്പിലേക്കും സ്വന്തം ട്രാവല്‍ കമ്പനിയിലേക്കുമെത്തി.

കിച്ചുവിനെ (കൃഷ്ണ ശങ്കര്‍) കണ്ടതോടെ സിനിമാമോഹം വീണ്ടും തലപൊക്കി. അപ്പോഴേക്കും ചെന്നൈയില്‍ നിന്ന് സിനിമാ പഠനം കഴിഞ്ഞ് അല്‍ഫോണ്‍സ് തിരിച്ചെത്തിയിരുന്നു. ആലുവക്കാരായ നിവിന്‍ പോളിയും സിജു വില്‍സണും ഞങ്ങളുടെ കൂട്ടത്തിലെത്തി.

അന്ന് ഒന്നിച്ചിരിക്കുമ്പോള്‍ അല്‍ഫോണ്‍സ് പറയും ‘മലയാള സിനിമയുടെ മതില്‍ ഒരു ദിവസം പൊളിയും. അന്നേരം അതിനുള്ളിലേക്ക് ഓടിക്കയറണം. അല്ലെങ്കില്‍ ചിലരൊക്കെ ചേര്‍ന്ന് ആ മതില്‍ വീണ്ടും കെട്ടും’ എന്ന്. 2010ന് ശേഷം മലയാളത്തില്‍ വന്ന സിനിമകള്‍ കണ്ടാല്‍ ആ മതില് വീണത് എപ്പോഴെന്ന് കൃത്യമായി മനസിലാകും,’ ഷറഫുദ്ദീന്‍ പറയുന്നു.

വില്ലന്‍ വേഷങ്ങളിലേക്ക് എത്താന്‍ ധൈര്യം വന്നത് എങ്ങനെയെന്ന ചോദ്യത്തിനും നടന്‍ മറുപടി നല്‍കി. പ്രേമം സിനിമക്ക് ശേഷം വന്ന കഥാപാത്രങ്ങളില്‍ തന്റെ ധൈര്യക്കുറവ് കൊണ്ട് വിട്ടുകളഞ്ഞ കുറച്ചധികം നല്ല റോളുകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

നല്ല ആക്ടറാണെന്ന് വിശ്വാസമില്ലാത്തത് ആയിരുന്നു പ്രശ്നമെന്നും എന്നാല്‍ വരത്തനിലേക്ക് അമല്‍ നീരദ് വിളിച്ചപ്പോള്‍ നോ പറയാനായില്ലെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Sharafudheen Talks About Alphons Puthran

We use cookies to give you the best possible experience. Learn more