| Tuesday, 28th April 2026, 10:11 am

ആടിലെ റോൾ പോവാൻ കാരണം പ്രേമമാണ്; എന്തായാലും 'നിന്നെ ഒരു പരിപാടിക്ക് വിളിക്കു'മെന്ന് പറഞ്ഞിരുന്നു: ഷറഫുദീൻ

നന്ദന എം.സി

മലയാളികൾ ഏറെ ആവേശത്തോടെ ഏറ്റെടുത്ത് വൻ വിജയമാക്കിയ ചിത്രമാണ് ആട് 3. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, രണ്ടാം ഭാഗവും മൂന്നാം ഭാഗവും മികച്ച സ്വീകാര്യത നേടി ബോക്സ് ഓഫീസിൽ തിളങ്ങി. 100 കോടിക്ക് മുകളിലുള്ള കളക്ഷനുമായി ചിത്രം വലിയ നേട്ടവും സ്വന്തമാക്കി.

ഷാജി പാപ്പാനായി ജയസൂര്യ എത്തിയപ്പോൾ, ഡ്യൂഡായി വിനായകനും അറയ്ക്കൽ അബുവായി സൈജു കുറുപ്പും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം പിടിച്ച ചിത്രമായി ആട് 3 മാറി.

ആട്3, Photo: IMDb

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് രസകരമായ ഒരു വെളിപ്പെടുത്തലാണ് നടൻ ഷറഫുദ്ദീൻ നടത്തിയിരിക്കുന്നത്. ചിത്രത്തിൽ തനിക്കുമായി ഒരു പ്രധാന വേഷം നിശ്ചയിച്ചിരുന്നുവെങ്കിലും, തിരക്കുകളും മറ്റ് പ്രതിബദ്ധതകളും കാരണം ആ അവസരം നഷ്ടപ്പെട്ടുവെന്നാണ് താരം പറയുന്നത്.

‘ആട് ഫ്രാഞ്ചൈസിൽ എനിക്കൊരു റോളുണ്ടായിരുന്നു. ഫുൾ സ്ക്രിപ്റ്റ് കഴിഞ്ഞ ശേഷം മിഥുൻ എനിക്ക് അപ്പോൾ തന്നെ അയച്ച് തന്നിരുന്നു. അന്ന് തന്നെ അത് വായിച്ച് അടിപൊളി എന്ന് പറഞ്ഞതാണ്. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്. ഈ പടത്തിൽ ഞാൻ ഉണ്ടാകുമോ എന്നുള്ളതല്ല അഭിപ്രായത്തിന് വേണ്ടി അയക്കുന്നതാണ്

ഷറഫുദീൻ, Photo: YouTube/ Screengrab

അതുപോലെ പാട്ട് വന്നപ്പോൾ ഒരു ദിവസം സ്റ്റേഡിയത്തിൽ പോയി പാട്ടെല്ലാം കേൾപ്പിച്ച് തന്നു. ഷാനിക്ക ചെയ്തു തന്നതാണ് എന്നക്കെ പറഞ്ഞ് എന്നെ കേൾപ്പിച്ച് തന്നു. മിഥുൻ സിനിമയിൽ ട്രൈ ചെയ്യുന്ന സമയമായിരുന്നു എനിക്ക് പോയിട്ട് ഒരു ചാൻസ് ചോദിക്കാൻ മടിയായിരുന്നു. പക്ഷെ എന്തായാലും ‘നിന്നെ ഒരു പരിപാടിക്ക് വിളിക്കുമെന്ന്’ പറഞ്ഞിരുന്നു.

പ്രേമം, Photo: IMDb

പക്ഷെ എല്ലാം സെറ്റ് ആയി പ്രൊജക്റ്റും സെറ്റ് ആയ സമയത്ത് ഞാൻ പ്രേമം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ അത് തമ്മിൽ ക്ലാഷ് ആയി. അങ്ങനെ ആട് ചെയ്യാൻ കഴിഞ്ഞില്ല,’ ഷറഫുദീൻ പറഞ്ഞു.

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് നിർമിച്ചത്. ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Sharafudheen talk about the movie aadu

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more