| Tuesday, 24th March 2026, 11:54 am

'നെഗറ്റീവിനോട് ആളുകൾക്ക് താല്പര്യം ഉണ്ട്'; വില്ലൻ വരുമ്പോൾ പടം ചാർജ് ആകും: ഷറഫുദ്ദീൻ

നന്ദന എം.സി

നായകന്മാരെ പോലെ തന്നെ വില്ലൻ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് അടുപ്പം വർധിക്കുന്ന കാലഘട്ടമാണിത്. പലപ്പോഴും ഒരു സിനിമയിൽ നായകനേക്കാൾ കൂടുതൽ ആരാധക പിന്തുണ നേടുന്നത് പ്രതിനായകനായിരിക്കും.

മമ്മൂട്ടി പ്രതി നായകനായെത്തിയ കളങ്കാവൽ ഷറഫുദ്ദീൻ വില്ലൻ വേഷത്തിൽ എത്തിയ പടക്കളം പോലുള്ള സിനിമകളിലും ശ്രദ്ധ നേടുന്നത് ഇത്തരം ശക്തമായ നെഗറ്റീവ് കഥാപാത്രങ്ങളാണ്.

ഷറഫുദ്ദീൻ, Photo: IMDb

ഇപ്പോൾ നെഗറ്റീവ് കഥാപാത്രങ്ങളോടുള്ള പ്രേക്ഷക താൽപര്യം വർധിച്ചിരിക്കുകയാണെന്നും, ഒരു സിനിമയുടെ വിജയത്തിൽ പ്രതിനായകന്റെ പങ്ക് വളരെ പ്രധാനമാണെന്നും തുറന്ന് പറയുകയാണ് ഷറഫുദ്ദീൻ. ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

‘വിക്രം’ സിനിമയിൽ ഒരു അഞ്ച് മിനിറ്റ് പോലും സൂര്യ വരുന്നില്ലല്ലോ. ആ അഞ്ച് മിനിറ്റ് വന്ന സൂര്യ സാർ ഒരുത്തന്റെ കഴുത്ത് അറത്തിട്ടാണ് പോയത്. പക്ഷേ പുള്ളി ആ സിനിമയെ മൊത്തത്തിൽ അങ്ങ് തൂക്കിയില്ലേ, ആ മ്യൂസിക്ക് അടക്കം.

സൂര്യ, Photo: IMDb

അപ്പോൾ ഞാൻ പറയുന്നത് നെഗറ്റീവിനോട് നാട്ടിൽ ആളുകൾക്ക് ഒരു താല്പര്യം ഉണ്ടെന്നാണ്. ‘സിംഗം’ സിനിമയെ കുറിച്ച് അൽഫോൺസ് പറഞ്ഞ ഓർമയുണ്ട് ‘വില്ലനായ പ്രകാശ് രാജ് എപ്പോൾ വന്നുനിൽക്കുന്നോ അപ്പോൾ പടം ചാർജ് ആവുമെന്ന്. ‘പ്രതിച്ഛായ’ സിനിമയിൽ അത്രയ്ക്കൊന്നുമില്ലെങ്കിലും ഒരു ചെറിയ വില്ലന്റെ സ്ഥാനം എനിക്കും കിട്ടി, അത്രയേ ഉള്ളു,’ ഷറഫുദ്ദീൻ പറഞ്ഞു.

ഷറഫുദ്ദീൻ പ്രതിനായകനായും നിവിൻ പോളി നായകനായും എത്തുന്ന ‘പ്രതിച്ഛായ’യാണ് താരത്തിന്റേതായി തിയേറ്ററിൽ ഇറങ്ങാനിരിക്കുന്ന ചിത്രം. ചിത്രം മാർച്ച് 26ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. നിവിൻ പോളി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

പ്രതിച്ഛായ, Photo: Nivin pauly/ Facebook

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിച്ഛായ ശ്രീ ഗോകുലം മൂവീസ്സ് ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇല്യൂമിനേഷൻസ് എൽ.എൽ.പി യും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ബാലചന്ദ്ര മേനോൻ, ഹരിശ്രീ അശോകൻ, സായി കുമാർ, വിഷ്ണു അഗസ്ത്യൻ, നീതു കൃഷ്ണ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Content Highlight: Sharafudeen talks about negative characters in movies

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more