| Sunday, 6th September 2026, 11:32 am

ചിലപ്പോൾ സിനിമ വലിയ ഹിറ്റാകുമെന്ന് അറിയാം, എന്നാലും ചെയ്യാതിരിക്കാറുണ്ട്: ഷറഫുദ്ദീൻ

നന്ദന. ടി

2013-ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഷറഫുദ്ദീൻ. എന്നാൽ പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിലൂടെയാണ് ഷറഫ് പ്രേക്ഷകശ്രദ്ധ നേടുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പാവാട, ഹാപ്പി വെഡ്ഡിങ്സ്, പ്രേതം, ആർക്കറിയാം, മധുവിധു, മോളിവുഡ് ടൈംസ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന, സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ എത്തുന്ന ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ ആണ് ഷറഫുദ്ദീന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ.

ഷറഫുദ്ദീൻ. Photo. Screen grab/ Youtube

ഒരേസമയം നായകനായും വില്ലനായും കോമഡിനടനായും ഉള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പറ്റുന്ന ഒരു നടനായുള്ള വളർച്ചയെ എങ്ങനെ കാണുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ഷറഫ്.

‘എനിക്ക് പലപ്പോഴും എന്റേതായിട്ടുള്ള ലോജിക്കുകൾ ഉണ്ട്. കാരണം ഒരു സിനിമ ചിലപ്പോൾ ഭയങ്കര ഹിറ്റാവും എന്ന് അറിയാമെങ്കിലും എന്റേതായ പല കാരണങ്ങൾ കൊണ്ട് ചിലപ്പോൾ ഞാൻ ആ സിനിമ ചെയ്യാതിരിക്കാം. അതുപോലെ എല്ലാം പ്ലാൻ ചെയ്തു പോകുന്ന ആളുമല്ല. ചില സമയങ്ങളിൽ നമ്മുടെ ഇമോഷൻ കൂടി ഉൾപ്പെട്ടാണ് ഒരു സിനിമയിലേക്ക് ലാൻഡ് ചെയ്യുന്നത്.

പിന്നെ കോമഡി, വില്ലൻ എന്നീ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ സാധിക്കുന്ന ഒരു നടനാണ് എന്ന തോന്നൽ ആളുകളിൽ മെയിന്റൈൻ ചെയ്തു കൊണ്ടുപോകാൻ സാധിക്കണം. അതിൽത്തന്നെ ചില റോളുകൾ വർക്കാവും, അവിടെ ഭാഗ്യം എന്നതും പ്രധാനമാണ്,’ നടൻ പറഞ്ഞു.

അഭിനയജീവിതത്തിന്റെ തുടക്കത്തിൽ പ്ലാനുകൾ ഒന്നുമില്ലാതെയാണ് സിനിമകൾ ചെയ്തിരുന്നത് എന്ന് പറയുകയാണ് ഷറഫ്. നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ പ്രേക്ഷകർ സ്വീകരിക്കുമെന്നും, പിന്നീട് നല്ല വേഷങ്ങൾ ചെയ്തുകൊണ്ട് അഭിനയരംഗത്ത് സജീവമായി നിലനിൽക്കുക എന്നത് അഭിനേതാവിന്റെ ഉത്തരവാദിത്തമാണെന്നും നടൻ കൂട്ടിച്ചേർത്തു.

‘അഭിനയം തുടങ്ങിയ കുറച്ചുനാൾ സത്യത്തിൽ എനിക്കൊരു പ്ലാനുമില്ലായിരുന്നു. ഒരു രണ്ടുമൂന്നു വർഷം വെറുതെ ഇഷ്ടമുള്ള കുറച്ച് കോമഡി പടമൊക്കെ ചെയ്തു പോവുകയായിരുന്നു. പക്ഷേ പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന എന്റെ കഥാപാത്രത്തെ അവർ പാസാക്കി, അതുകഴിഞ്ഞ് ഒന്ന് രണ്ടു സിനിമകൾ കൂടി വർക്കായി, അപ്പോൾ ഒരു സ്‌പേസ് കിട്ടി.

ഷറഫുദ്ദീൻ. Photo. Screen grab/ Youtube

അതുകഴിഞ്ഞിട്ട് നമ്മൾ എന്തെങ്കിലും നല്ലത് ചെയ്തു നിൽക്കുകയാണെങ്കിൽ തനിക്ക് നല്ലത് എന്നാണ് പ്രേക്ഷകർ വിചാരിക്കുക. അപ്പോൾ ആ ഒരു കാര്യം നമ്മൾ ഇന്നും സിൻസിയറായി ഫോളോ ചെയ്യുന്നു,’ ഷറഫുദ്ദീൻ പറഞ്ഞു.

Content Highlight: Sharafudeen talks about his career Journey in Cinema

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more