മലയാളികളുടെ പ്രിയ താരമാണ് ഷറഫുദീൻ. നേരം എന്ന സിനിമയിലൂടെ 2013ലാണ് തരം സിനിമയിൽ എത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീൽസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
എന്നാൽ 2015ൽ എത്തിയ അൽഫോൺസ് പുത്രൻ – നിവിൻ പോളി ചിത്രമായ പ്രേമം വഴിയാണ് ഷറഫുദ്ദീൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയിൽ ഗിരിരാജൻ കോഴിയായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ശേഷം നിരവധി സിനിമകളിൽ ഹാസ്യ നടനായി എത്തിയ ഷറഫുദ്ദീൻ പിന്നീട് നായകനായും വില്ലനായും എത്തി.
ഷറഫുദീൻ, Photo: YouTube/ Screengrab
ഷറഫുദ്ദീൻ ഗംഭീര പ്രകടനം നടത്തിയ മറ്റൊരു സിനിമയാണ് പടക്കളം. ചിത്രത്തിൽ സന്ദീപ് പ്രദീപ്, സൂരജ് വെഞ്ഞാറമൂട് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിൽ ഷറഫുദ്ദീന്റെ അഭിനയം സുരാജിന്റെ അഭിനയ ശൈലിയുമായി സാമ്യമുണ്ടെന്ന് നിരവധി പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോൾ ചിത്രത്തിൽ താനൊരിക്കലും സുരാജിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, എന്നാൽ ചില രംഗങ്ങളിൽ ചെറുതായി ആ ശൈലി കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ടെന്നും പറയുകയാണ് ഷറഫുദ്ദീൻ. ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പടക്കളത്തിലെ രഞ്ജിത്ത് സാറിന് ഇനിയും ചാൻസ് ഉണ്ട്. ഫസ്റ്റ് ഹാഫിലെ രഞ്ജിത്ത് സാറായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ പിടിക്കില്ലായിരുന്നു. പക്ഷെ സെക്കൻഡ് ഹാഫിലെ കാര്യങ്ങളാണ് എനിക്ക് പേഴ്സണലി ത്രില്ല് തന്നത്.
പടക്കളം, Photo: Jio Hotstar
ആ സിനിമയിൽ ഒരുക്കലും ഞാൻ സുരാജേട്ടന്റെ മാനറിസം വരുത്താൻ ശ്രമിക്കുകയോ സുരാജേട്ടനെ കഥാപാത്രങ്ങൾ നോക്കുകയോ ചെയ്തിട്ടില്ല. സുരാജേട്ടൻ പ്ലേ ചെയ്യുന്നതൊന്നും ഞാൻ പിടിച്ചിട്ടില്ല.
ഏതെങ്കിലും സീൻ ഷോട്ട് വരുമ്പോൾ ചെറിയ ഒരു സുരാജേട്ടൻ മാനറിസം നമുക്ക് ഓർമയിലുള്ളത് പോലെ എന്തെങ്കിലും ഒന്ന് നൈസ് ആയിട്ട് ഇടുന്നു എന്നേ ഉള്ളു. ചിത്രത്തിൽ ബോഡി സ്വാപ്പ് ആകുന്ന സമയം എനിക്ക് ക്യാരക്ടർസ് മാറിപോകാറില്ല എന്നാൽ സുരാജേട്ടൻ ഇടയ്ക്ക് ‘എടാ ഇപ്പോൾ ഞാനാരാ’ എന്ന് ചോദിക്കുന്ന സന്ദർഭം ഒക്കെ ഉണ്ടായിട്ടുണ്ട്,’ ഷറഫുദീൻ പറഞ്ഞു.
നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും നിർമാണ പങ്കാളിയായിരുന്നു.
മെയ് 8നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Sharafudeen says he tried to bring in suraj acting style in the film Padakalam.