| Tuesday, 24th March 2026, 8:05 am

'എന്നെ റീപ്ലേസ് ചെയ്ത് വന്ന ആളാണ് നിവിൻ; ആദ്യമായി കണ്ടുമുട്ടിയത് ഒരു സങ്കടകഥയാണ്': ഷറഫുദ്ദീൻ

നന്ദന എം.സി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഷറഫുദ്ധീൻ. ‘നേരം’ സിനിമയിലൂടെ അഭിനയത്തിലേക്ക് കാലെടുത്തുവെച്ച ഷറഫുദ്ദീൻ
പിന്നീട് ‘പ്രേമം’, ‘ഓം ശാന്തി ഓശാന’, ‘ഹലോ മമ്മി’, ‘പടക്കളം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടി. ‘പ്രേമം’ സിനിമയിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധയും പ്രശംസയും നേടി കൊടുത്തത്.

നടൻ നിവിൻ പോളിയുമായി നല്ല സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്ന താരം, ഇപ്പോൾ നിവിൻ പോളിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ്. ശ്രീ ഗോകുലം മൂവിസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷറഫുദ്ദീൻ ഇത് തുറന്ന് പറഞ്ഞത്.

ഷറഫുദ്ദീൻ, നിവിൻ പോളി, Photo: YouTube/ Screengrab

‘എന്നെ റീപ്ലേസ് ചെയ്ത് വന്ന ആളാണ് നിവിൻ. നിവിനെ ആദ്യമായി കണ്ടുമുട്ടിയത് ഒരു സങ്കടകഥയാണ്. മുഹ്സിൻ അന്ന് ഒരു ചെറിയ കഥയെഴുതി. ഷോർട്ട് ഫിലിം ചെയ്യാൻ വേണ്ടി ഒരു പ്ലാൻ ഉണ്ടാക്കി. ആ ഷോർട്ട് ഫിലിം പ്ലാൻ ചെയ്യുന്ന സമയത്ത് അൽഫോൺസ് ചെന്നൈയിൽ നിന്ന് ബ്രേക്ക് എടുത്ത് വന്ന് ആ കഥ കേട്ടു.

മുഹ്സിനോട് ഇത് ഞാൻ ഡയറക്ട് ചെയ്യാമെന്ന് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അൽഫോൺസ് ഏറ്റെടുത്തത് രാജമൗലി ഒരു പ്രോജക്ട് ഏറ്റെടുക്കുന്നതുപോലെയായിരുന്നു.

അപ്പോൾ തന്നെ എന്റെ ഒരു സുഹൃത്ത് ‘നീ പോയിട്ടോ’ എന്ന് പറഞ്ഞു. അൽഫോൺസ് അന്ന് ചെന്നൈയിൽ നിന്ന് നടന്മാരെ കൊണ്ടുവരാമോ അല്ലെങ്കിൽ ഇവിടെ നിന്ന് എടുക്കാമോ എന്ന് ആലോചിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഒരുത്തൻ ഉണ്ടെന്ന് പറഞ്ഞത്.

പ്രതിച്ഛായ, Photo: Indian Express

ആരാണവൻ എന്ന് കാണാൻ വേണ്ടി കാത്തിരുന്നു. അങ്ങനെ ഒരു ദിവസം നിവിൻ വന്നു. നിവിന്റെ ഓപ്പോസിറ്റായി ഒരു ക്യാരക്ടർ ഉണ്ടെന്ന്, ഏതെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ ആണ് മറ്റൊരാൾ വന്നത്, സിജു വിൽസൺ. അങ്ങനെ ആ അവസരവും പോയി,’ ഷറഫുദ്ധീൻ പറഞ്ഞു.

‘നേരം’, ‘പ്രേമം’, ‘ഓം ശാന്തി ഓശാന’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒന്നിച്ച ഇരുവരുടെയും വരാനിരിക്കുന്ന ചിത്രം ‘പ്രതിച്ഛായ’യാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ പ്രതിനായക വേഷത്തിലാണ് എത്തുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇല്യൂമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ബാലചന്ദ്ര മേനോൻ, ഹരിശ്രീ അശോകൻ, സായി കുമാർ, വിഷ്ണു അഗസ്ത്യൻ, നീതു കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Content Highlight: Sharaf U Dheen talk about Nivin Pauly

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more