| Monday, 24th February 2020, 11:14 am

'എന്നെക്കുറിച്ച് പി.എച്ച്.ഡി ചെയ്യാന്‍ ബി.ജെ.പി അധ്യക്ഷന് 12 വര്‍ഷമെങ്കിലും വേണ്ടിവരും'; തിരിച്ചടിച്ച് ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തനിക്കെതിരെയുള്ള മഹാരാഷ്ട്ര ബിജെ.പി അധ്യക്ഷന്‍ ചന്ദ്കാന്ത് പട്ടീലിന്റെ പ്രസ്താവനയില്‍ തിരിച്ചടിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാര്‍. ശരദ് പവാറിനെക്കുറിച്ച് തനിക്ക് പി.എച്ച്.ഡി എടുക്കണമെന്നായിരുന്നു ചന്ദ്രകാന്ത് പട്ടീലിന്റെ പ്രസ്താവന. ബി.ജെ.പി നേതാവിന് തന്നെക്കുറിച്ച് പി.എച്ച്.ഡി എടുക്കാന്‍ മിനിമം പന്ത്രണ്ട് വര്‍ഷമെങ്കിലും എടുക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
മുംബൈയിലെ വഡാലയില്‍ എന്‍.സി.പി സംഘടിപ്പിച്ച കോളെജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയിലായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

‘സാധാരണഗതിയില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം പി.എച്ച്.ഡി പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വേണ്ടിവരും. എന്നാല്‍ ചന്ദ്രകാന്ത് പാട്ടീലിന് എന്നെക്കുറിച്ച് പി.എച്ച്.ഡി ചെയ്യാന്‍ 10-12 വര്‍ഷം വരെയെടുക്കും.’ ശരദ് പവാര്‍ പറഞ്ഞു.

ഒരേ സമയത്ത് ശരദ് പവാറിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും ഒരുമിച്ച് നയിക്കണമെന്നും ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞിരുന്നു. ഇതിനുള്ള ശരദ് പവാര്‍ സാഹേബിന്റെ കഴിവിനെക്കുറിച്ച് തനിക്കറിയണമെന്നുണ്ടെന്നും അതില്‍ പി.എച്ച്.ഡി ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ താന്‍ സന്തുഷ്ടനായിരിക്കുമെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവന.

കാമ്പസ് തെരഞ്ഞെടുപ്പുകളെയും ശരദ് പവാര്‍ സ്വാഗതം ചെയ്തു.

പ്രതികരിക്കാനും തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുമുള്ള അവകാശം ജനാധിപത്യം നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി കാമ്പസ് ഇലക്ഷന്‍ സംഘടിപ്പിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു.’ ശരദ് പവാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more