| Monday, 28th July 2025, 1:13 pm

അവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എണ്‍പതുകളില്‍ തന്റെ കരിയര്‍ തുടങ്ങിയ നടിയാണ് ശാന്തി കൃഷ്ണ. വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ചില്ല്, നിദ്ര, വിഷ്ണു ലോകം, പിന്‍ഗാമി തുടങ്ങിയവയെല്ലാം ശാന്തി കൃഷ്ണയുടെ ശ്രദ്ധേയമായ സിനിമകളാണ്. ചകോരം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശാന്തി കൃഷ്ണ സ്വന്തമാക്കിയിരുന്നു.

എണ്‍പതുകളിലും തൊന്നൂറുകളിലും  നിരവധി മുന്‍നിര സംവിധായകരുടെ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ വണ്‍ ടു ടോക്‌സുമായുള്ള അഭിമുഖത്തില്‍ താന്‍ ചെയ്ത സിനിമകളെ കുറിച്ചും അന്നത്തെ സംവിധായകരെ കുറിച്ചും സംസാരിക്കുകയാണ് ശാന്തി കൃഷ്ണ.

‘ഭരതേട്ടന്റ രണ്ട് പടങ്ങള്‍ ഞാന്‍ മലയാളത്തില്‍ ചെയ്തു. ഭരതേട്ടന്റെ തന്നെ ഒരു തെലുങ്ക് പടവും ചെയ്തു. പിന്നെ പപ്പേട്ടന്‍ തിരക്കഥയെഴതിയ ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം സംവിധാനം ചെയ്ത സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈണം എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അത് പപ്പേട്ടന്റെ സ്‌ക്രിപ്റ്റായിരുന്നു. ഭരതേട്ടനായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്.

അത്തരത്തില്‍ ലെജന്‍ഡറിയായിട്ടുള്ള, ക്ലാസിക് പടങ്ങള്‍ എടുക്കുന്ന സംവിധായകരുടെ സിനിമകളിലാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ കാര്യത്തില്‍ താന്‍ വളരെ ഭാഗ്യവതിയാണെന്ന് തോന്നുമെന്നും നടി പറയുന്നു. ഇന്നും ആളുകള്‍ എണ്‍പതുകളിലെ ഈ പടങ്ങളിലെ കഥാപാത്രങ്ങങ്ങളെ ഓര്‍ക്കുകയും അതിലെ പാട്ടുകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

‘അതുകൊണ്ട് തന്നെ ഞാന്‍ ഭാഗ്യവതിയാണ്. അന്നൊക്കെ സിനിമകള്‍ അങ്ങനെ വന്നു എന്നല്ലാതെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. അല്ലെങ്കില്‍ നമ്മള്‍ ഇങ്ങനത്തെ കഥാപാത്രങ്ങള്‍ ചെയ്തിരുന്നെങ്കിലോ എന്നൊരു ചിന്തയൊന്നും ഇല്ല അവിടെ. അന്ന് ഞാന്‍ ചെയ്ത ചില്ല്, നിദ്ര എന്നീ സിനിമകളിലെ കഥാപാത്രങ്ങളൊക്കെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നുണ്ട്. ഇന്നും എന്റെ മനസില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് അവ,’ ശാന്തി കൃഷ്ണ പറയുന്നു.

Content Highlight:  Shanti Krishna talks about the films she has done and the directors of that time

We use cookies to give you the best possible experience. Learn more