| Monday, 6th October 2025, 7:21 am

ദുഃഖപുത്രി സ്റ്റൈലാണെങ്കിലും എല്ലാ തരം ഷെയ്ഡുകളും എനിക്ക് ചെയ്യാന്‍ പറ്റി; മൂന്നാമത് തിരിച്ചുവരുമ്പോള്‍ ഭയമൊന്നുമില്ലായിരുന്നു: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എണ്‍പതുകളില്‍ ചെയ്തത് ദുഃഖപുത്രി സ്‌റ്റൈലാണെങ്കില്‍പോലും എല്ലാ തരം ഷെയ്ഡുകളും തനിക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്ന് നടി ശാന്തി കൃഷ്ണ. പതിനേഴാമത്തെ വയസ്സില്‍ സിനിമയില്‍ വരുമ്പോള്‍ തനിക്ക് മലയാളഭാഷ തന്നെ അറിയില്ലായിരുന്നുവെന്നും വേറെ ഏതോ ലോകത്തേക്ക് വന്നതുപോലെയായിരുന്നുവെന്നും നടി പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ശാന്തി.

‘മറ്റുള്ളവരുമായി ഇടപഴകാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു. സെറ്റിലേക്ക് വരും, അഭിനയിക്കും, ശേഷം മുറിയില്‍ പോയിരുന്ന് പുസ്തകം’ വായിക്കും. വീട്ടിലും നൃത്തക്ലാസിലും സുഹൃത്തുക്കളോടും വായാടിയാണെങ്കിലും അഭിനയിക്കുമ്പോള്‍ മാത്രം നിശബ്ദയായിപ്പോകും.

എനിക്ക് കിട്ടിയതും ഇന്‍ട്രോവേര്‍ട്ടായ കഥാപാത്രങ്ങളായിരുന്നു. അപ്പോള്‍ ദുഃഖപുത്രി സ്റ്റൈലാണെങ്കില്‍പോലും എല്ലാതരം റോളും ചെയ്യാന്‍ പറ്റി. ചില്ല്, കിലുകിലുക്കം, നയം വ്യക്തമാക്കുന്നു തുടങ്ങിയ സിനിമകളില്‍ നല്ല ബോള്‍ഡായ വേഷങ്ങളും കിട്ടി,’ ശാന്തി കൃഷ്ണ പറയുന്നു.

കുറെക്കൂടി ജീവിതാനുഭവങ്ങള്‍ വരുമ്പോള്‍ പക്വത വരുമെന്നും ആ പക്വത തനിക്ക് പിന്നീട് കിട്ടിയ വേഷങ്ങളിലും പ്രതിഫലിച്ചിട്ടുണ്ടെന്നും ശാന്തി കൃഷ്ണ പറയുന്നു. ചകോരം, സുകൃതം, പക്ഷേ എന്നീ സിനിമകളില്‍ ആ മാറ്റം കാണാനാവുമെന്നും നടി കൂട്ടിച്ചേര്‍ത്തു. 2017-ല്‍ മൂന്നാമത്   തിരിച്ച് വരുമ്പോള്‍ തനിക്ക്  ഭയമുണ്ടായിരുന്നില്ലെന്നും  സ്വാതന്ത്ര്യം കിട്ടിയതുപോലെയാണ് തോന്നിയതെന്നും ശാന്തി പറഞ്ഞു.

‘മറ്റുള്ളവര്‍ പറഞ്ഞത് അനുസരിച്ചില്ലല്ലോ എന്ന കുറ്റബോധത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ അറുപതുവയസ് കഴിഞ്ഞു. പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കുമ്പോള്‍, നമ്മളെന്തൊക്കെയോ നല്ലത് ചെയ്തിട്ടുണ്ട് എന്ന് തോന്നാറുണ്ട്. ഒരു സുഹൃത്തിനെപ്പോലെയാണ് ഇന്നത്തെ തലമുറക്കൊപ്പം ഞാനും ചേരുന്നത്. സ്വാഭാവികമായും എന്റെ വ്യക്തിത്വത്തിലും ആ പോസിറ്റിവിറ്റി നിറഞ്ഞു. ഈ എന്നെയാണ് എനിക്കിഷ്ടം,’ ശാന്തി കൃഷ്ണ പറയുന്നു.

മുഹ്ഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വളയാണ് ശാന്തി കൃഷ്ണയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ പാത്തൂച്ച എന്ന കഥാപാത്രമായാണ് ശാന്തി എത്തിയിരുന്നത്.

Content highlight:  Shanti Krishna says she can do all kinds of shades in the 80s

We use cookies to give you the best possible experience. Learn more