| Friday, 19th September 2025, 1:14 pm

കഥക്ക് ഇണങ്ങുന്ന പാട്ടാണ് അത്; ഓരോ സീനും ഞങ്ങള്‍ക്ക് സ്‌പെഷ്യലായിരുന്നു: ശാന്തി ബാലചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകയില്‍ വന്ന് വീണ്ടും ട്രെന്‍ഡിങ്ങായി മാറിയ ഗാനമായിരുന്നു കിളിയേ കിളിയേ. പാട്ടിനൊപ്പമുള്ള കല്യാണിയുടെ കിടിലന്‍ എന്‍ട്രിയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ‘കിളിയേ കിളിയേ’ എന്ന പാട്ട് ഉള്‍പ്പെടുത്തണമെന്നത് സഹതിരക്കഥാകൃത്ത് ശാന്തിയുടെ ആശയമായിരുന്നു. സമാനമായ ആശയങ്ങള്‍ വേറെയും നല്‍കിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അവര്‍.

‘കഥാഗതിക്ക് ഇണങ്ങുന്ന പാട്ടായിരുന്നു അത്. ‘ഉയരങ്ങളിലൂടെ പലനാടുകള്‍ തേടി’ എന്ന വരികളൊക്കെ ചന്ദ്രയുടെ കഥാപാത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതുപോലെ തോന്നി,’ ശാന്തി പറയുന്നു.

ഓരോ സീനുകളും ഞങ്ങള്‍ക്ക് സ്‌പെഷ്യലായിരുന്നുവെന്നും ഡൊമിനിക്കാണ് സാന്റി മാസ്റ്ററിന്റെ കഥാപാത്രമായ നാച്ചിയപ്പ പോലീസ് ഓഫീസറായിരിക്കണമെന്ന് നിര്‍ദേശിച്ചതെന്നും അവര്‍ പറയുന്നു.
നാച്ചിയപ്പ നല്ല ശീലങ്ങളുള്ള ആരോഗ്യവാനായ ചെറുപ്പക്കാരനാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മനസ് ശുദ്ധമല്ലെന്നും ശാന്തി പറയുന്നു.

‘അത് അദ്ദേഹം വളര്‍ന്ന ചുറ്റുപാടിന്റെ പ്രതിഫലനമാണ്. നമ്മള്‍ വളര്‍ന്നുവരുന്ന സാമൂഹികപശ്ചാത്തലം നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണല്ലോ. അങ്ങനെയുള്ള ലെയേഴ്‌സ് വികസിപ്പിച്ചെടുക്കാനൊക്കെ ഡൊമിനിക് എനിക്ക് സ്‌പെയ്സ് തന്നു.

അതുപോലെ സണ്ണി ചന്ദ്രയാരാണെന്ന് തിരിച്ചറിയുന്നിടത്തും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളിലുമൊക്കെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ ആളുകള്‍ സംസാരിക്കുന്നതുപോലെ തമാശ കലര്‍ത്തിയാണ് ഡൊമിനിക് സംഭാഷണം എഴുതിയിരിക്കുന്നത്,’ ശാന്തി പറഞ്ഞു.

ചന്ദ്രയുടെ ചെറുചിരിയും മനുഷ്യവശവുമൊക്കെ പ്രേക്ഷകര്‍ മനസിലാക്കുന്നത് അപ്പോഴാണെന്നും ഡൊമിനിക്കിന്റെ കൂടെ തിരക്കഥയൊരുക്കുമ്പോള്‍ സര്‍ഗാത്മകമായ സംതൃപ്തിയാണ് എനിക്ക് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ഇത് തീര്‍ത്തും പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് കാണാവുന്ന ചിത്രമാണെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

250 കോടി കളക്ഷന്‍ സ്വന്തമാക്കി കൊണ്ട് വിജയകുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഇതിനോടകം പല റെക്കോര്‍ഡുകളും തകര്‍ത്ത ലോകഃ ഇന്ത്യയൊട്ടാകെ ചര്‍ച്ചാവിഷയമാണ്.

Content highlight: shanthi talks about the use of the song Kiliye Kiliye in Lokah movie  and other ideas in the film

We use cookies to give you the best possible experience. Learn more