ത്രില്ലര്‍ സിനിമകളുടെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കുന്ന ജീത്തു ജോസഫ് തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രേക്ഷകരെ നിരാശരാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ വലതുവശത്തെ കള്ളന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരൊറ്റ പോയിന്റില്‍ പോലും ത്രില്ലടിപ്പിക്കാത്ത ത്രില്ലറെന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്.
ത്രില്ലര്‍ സിനിമകളില്‍ കണ്ടുപോകുന്ന സ്ഥിരം ക്ലീഷേകള്‍ ഈ ചിത്രത്തിലുമുണ്ട്. അത്തരത്തിലൊരു ക്ലീഷേ കഥാപാത്രമാണ് ശാന്തി മായാദേവിയുടേത്. ദൃശ്യം 2, നേര് എന്നീ ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് റൈറ്ററായിരുന്ന ശാന്തി അഭിനയരംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വലതുവശത്തെ കള്ളനില്‍ സര്‍ജനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം പൊലീസിനോട് പറയുന്ന ഒരൊറ്റ ഡയലോഗോടെ ശാന്തിയുടെ ആവശ്യം അവസാനിച്ചു. ‘ഇത്രയും ബ്രൂട്ടലായിട്ടുള്ള ഒരു കൊലപാതകം ഇതുവരെ കണ്ടിട്ടില്ല’ എന്ന ക്ലീഷേ ഡയലോഗാണ് സര്‍ജന്‍ പറയുന്നത്. തിയേറ്ററില്‍ ഈ സീന്‍ കണ്ടപ്പോള്‍ ഇമോഷണലാകുന്നതിന് പകരം കരിക്ക് സീരീസിലെ ‘അയ്യേന്റെ മോനേ’ എന്ന എക്‌സ്പ്രഷനാണ് മനസില്‍ വന്നത്.
രാക്ഷസന്‍, മെമ്മറീസ് തുടങ്ങി സൈക്കോ കില്ലറെക്കുറിച്ചുള്ള എല്ലാ സിനിമകളിലും ഇതേ ഡയലോഗ് തന്നെയാണ് സര്‍ജന്മാര്‍ക്ക് പറയാനുള്ളത്. അഭിനേതാക്കള്‍ മാറുമെങ്കിലും ഡയലോഗ് മാറാത്തതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇത്തരം രംഗങ്ങളില്‍ പ്രോംപ്റ്റ് ചെയ്യാനാകുന്നുണ്ട്. വില്ലന്റെ ക്രൂരത ഡയലോഗിലൂടെ വ്യക്തമാക്കാതെ പ്രേക്ഷകര്‍ക്ക് നേരിട്ട് കാണിച്ചാല്‍ ഇംപാക്ടുണ്ടാകും.
എല്ലാ ഭാഷകളിലുമുള്ള ത്രില്ലറുകള്‍ തേടിപ്പിടിച്ച് കാണുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് ഇത്തരം പ്രെഡിക്ടബിള്‍ സ്‌ക്രിപ്റ്റുമായി വരാന്‍ ജീത്തു ജോസഫിന് എങ്ങനെ തോന്നിയെന്നും പലരും ചോദിക്കുന്നുണ്ട്. തൊട്ടുമുമ്പത്തെ ചിത്രമായ മിറാഷിനും ഇത്തരത്തില്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. ട്വിസ്റ്റുകളുടെ അതിപ്രസരമാണ് മിറാഷിന് തിരിച്ചടിയായത്.
നല്ലൊരു പ്ലോട്ടിനെ മോശം തിരക്കഥ കൊണ്ടും ആവറേജ് മേക്കിങ് കൊണ്ടും ശരാശരിക്ക് താഴെ നില്‍ക്കുന്ന അനുഭവമാക്കി അണിയറപ്രവര്‍ത്തകര്‍ മാറ്റിയെന്നേ പറയാനാകുള്ളൂ. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യാണ് ജീത്തുവിന്റെ അടുത്ത റിലീസ്. രണ്ട് സിനിമകള്‍ നിരാശപ്പെടുത്തിയതോടെ ജീത്തുവിലുള്ള പ്രതീക്ഷകള്‍ പലര്‍ക്കും കുറഞ്ഞിരിക്കുകയാണ്.
Content Highlight: Shanthi Mayadevi’s character in Valathu Vashathe Kallan movie repeating the cliché