1984ലെ തന്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. 1991ല്‍ നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്. ശേഷം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശാന്തിക്ക് സാധിച്ചു.
പിന്നീട് കരിയറില്‍ വീണ്ടും വലിയൊരു ഇടവേള വന്നു. 2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അല്‍ത്താഫ് സലിം – നിവിന്‍ പോളി ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്.
ഇപ്പോള്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സമയത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശാന്തി കൃഷ്ണ. താന്‍ അല്‍ബേനിയയില്‍ ആയിരുന്നപ്പോഴാണ് ഈ സിനിമയുടെ ചാന്‍സ് വരുന്നതെന്നും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേക്ക് വിളിക്കുന്നതെന്നും നടി പറയുന്നു.
‘ഞാന്‍ എന്റെ ഫ്രണ്ട്‌സിനോട് എനിക്ക് ഇങ്ങനെയൊരു ചാന്‍സ് വന്നിട്ടുണ്ടെന്ന് പറഞ്ഞു. അതും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം. 20 വര്‍ഷങ്ങള്‍ക്കൊക്കെ ശേഷമാണ് ഒരു സിനിമയിലേക്ക് വിളിക്കുന്നത്. ‘ആരാണ് എന്നെ ഇങ്ങനെ അന്വേഷിച്ച് വരുന്നത്’ എന്നായിരുന്നു ഞാന്‍ അപ്പോള്‍ ചിന്തിച്ചത്.
നിവിന്റെ പടമെന്ന് പറഞ്ഞാല്‍ അതൊരു നല്ല ചാന്‍സാണെന്നാണ് എല്ലാവരും പറഞ്ഞത്. എനിക്കാണെങ്കില്‍ അന്നത്തെ സിനിമയുടെ എ.ബി.സി.ഡി അറിയില്ലായിരുന്നു. ആരൊക്കെയാണ് പുതിയ ആളുകളെന്ന് എനിക്ക് അറിയില്ലായിരുന്നു,’ ശാന്തി കൃഷ്ണ പറയുന്നു.
നിവിന്‍ പോളിയെന്ന പേര് കേട്ടിരുന്നെങ്കിലും നിവിന്റെ രൂപമൊന്നും അപ്പോള്‍ തന്റെ മനസില്‍ ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. അന്ന് ‘നമുക്ക് നോക്കാം’ എന്ന് പറഞ്ഞ് താന്‍ അത് വിട്ടുവെന്നും പിന്നെ ഗൂഗിളിലൊക്കെ നോക്കി ആരാണ് നിവിന്‍ എന്ന് മനസിലാക്കിയെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.
അപ്പോഴും താന്‍ നിവിന്റെ പടമൊന്നും കണ്ടിരുന്നില്ലെന്നും തമിഴ്, മലയാളം ഇന്‍ഡസ്ട്രിയുമായിട്ടൊന്നും തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.
‘പിന്നീടാണ് ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്. ബെംഗളൂരുവില്‍ ഉള്ള സമയത്താണ് അല്‍ത്താഫും സന്ദീപുമൊക്കെ കഥ പറയാനായി എന്റെ അടുത്തേക്ക് വരുന്നത്. കഥ കേള്‍ക്കാമെന്ന് പറഞ്ഞപ്പോഴും എനിക്ക് ചെയ്യണോ എന്ന സംശയം ബാക്കിയായിരുന്നു. പക്ഷെ കഥ കേട്ടപ്പോള്‍ ഞാന്‍ എങ്ങനെ വേണ്ടെന്ന് പറയും,’ ശാന്തി കൃഷ്ണ പറഞ്ഞു.
Content Highlight: Shanthi Krishna Talks About Njandukalude Nattil Oridavela Movie