മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ കരിയര്‍ തുടങ്ങിയ നടിക്ക് കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നു.
ജോര്‍ജ് കിത്തു സംവിധാനം ചെയ്ത് 1992 പുറത്തിറങ്ങിയ ചിത്രമാണ് സവിധം. സിനിമയില്‍ ശാന്തികൃഷ്ണ, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ശാന്തി കൃഷ്ണ. കൗമുദി മൂവീസില്‍ സംസാരിക്കുകയായിരുന്നു നടി.
‘സവിധത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്കൊരു സ്വഭാവമുണ്ടായിരുന്നു. അഭിനയിച്ച് ഒരു ഷോര്‍ട്ട് കഴിഞ്ഞാല്‍ ചെയ്തത് ഓക്കെയാണോ എന്ന് ഞാന്‍ എപ്പോഴും ചോദിക്കും. അല്ലെങ്കില്‍ വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് കറക്റ്റായിരുന്നോ എന്നൊക്കെ ചോദിക്കും. വേണു ചേട്ടന്‍ ഞാന്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ട് എന്നെ വിളിച്ചു.
എന്നിട്ട് എന്നോട് ചോദിച്ചു ‘ നീ എന്തിനാണ് എല്ലായിടത്തും പോയി ഞാന്‍ ചെയ്തത് ശരിയാണോ എന്ന് ചോദിക്കുന്നത്. അങ്ങനെ ആരെങ്കിലും ചെയ്യുമോ’ എന്ന്. ഞാന്‍ പറഞ്ഞു, എനിക്ക് പേടിയാണെന്ന്. ‘നീ അഭിനയിച്ചു കഴിയുമ്പോള്‍ സ്വയം എന്തു തോന്നുന്നു. ആ സീന്‍ അഭിനയിച്ചപ്പോള്‍ വിഷമം തോന്നിയോ, ആ ഫീലുണ്ടായാല്‍ മതി. അത്രയും മതി’ എന്നാണ് അദ്ദേഹം പറഞ്ഞുതന്നത്,’ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകന്‍ ഭരതനെ കുറിച്ചും നടി വാചാലയായി.
‘സിനിമയിലേക്ക് എന്നെ കൊണ്ടുവന്നത് ലെജന്‍ഡറിയായ ഭരതന്‍ എന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തത് തന്നെ വലിയൊരു എക്‌സ്പീരിയന്‍സാണ്. കാരണം ഇന്നത്തെ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ടെക്‌നിക്കലി വളരെ പുരോഗമിച്ചു. സ്‌പോട്ടില്‍ എഡിറ്റ് ചെയ്യാം, അഭിനയിച്ചത് ശരിയായില്ലെങ്കില്‍ രണ്ടാമത് ടേക്ക് പോകാം. ഫിലിമിന്റെ പ്രശ്‌നം വരുന്നില്ല. അന്ന് അതൊന്നും പറ്റില്ല. അവരെയൊക്കെ നമ്മള്‍ ലെജന്‍ഡറി എന്ന് വിളിക്കുന്നതിന്റെ കാരണം ഇതും കൂടിയാണ്,’ ശാന്തി കൃഷ്ണ പറയുന്നു.
Content highlight: Shanthi krishna talks about Nedumudi venu and director Bharathan