ചകോരം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടി. മൂന്ന് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളും ലഭിച്ചു.
കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായിട്ടുള്ള നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ തന്റെ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്. വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.
1984ലെ തന്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. 1991ല്‍ നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്.
ശേഷം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശാന്തിക്ക് സാധിച്ചു. അന്ന് ആ സിനിമയിലെ നായകനായ മമ്മൂട്ടിയുടെ നിര്‍ബന്ധത്തിലാണ് ശാന്തി അഭിനയിക്കാന്‍ തയ്യാറാകുന്നത്. തന്റെ കുഞ്ഞിനെ നഷ്ടമായി ഡിപ്രഷനിലായ സമയമായിരുന്നു അത്.
‘എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി നില്‍ക്കുന്ന സമയമായിരുന്നു. അതോടെ ഞാന്‍ ഡിപ്രഷനിലായി. ആ സമയത്താണ് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലേക്ക് ഓഫര്‍ വരുന്നത്. അപ്പോള്‍ ഞാന്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
കാരണം എനിക്ക് അപ്പോള്‍ ഒട്ടും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. ആദ്യത്തെ പടമായ നിദ്രയില്‍ അഭിനയിച്ചത് പോലെയല്ലല്ലോ ഇത്. അത്രയും ഗ്യാപ് കഴിഞ്ഞല്ലേ തിരിച്ചു വരേണ്ടത്. ആ സമയത്ത് ഒട്ടും നല്ല മൂഡിലും ആയിരുന്നില്ല. ഡിപ്രഷനില്‍ ഇരിക്കുന്ന സമയം കൂടിയാണ്,’ ശാന്തി കൃഷ്ണ പറയുന്നു.
ആ അവസ്ഥയില്‍ പെട്ടെന്ന് കയറി തന്നോട് അഭിനയിക്കാന്‍ പറയുമ്പോള്‍ എന്തിനാണ് അത്രയും നല്ല കഥാപാത്രത്തെ നശിപ്പിക്കുന്നത് എന്ന തോന്നലായിരുന്നു നടിയുടെ മനസില്‍ ഉണ്ടായിരുന്നത്. പക്ഷെ ചുറ്റുമുള്ളവര്‍ക്ക് ശാന്തി കൃഷ്ണ തിരിച്ചു വരാനുള്ള കൃത്യ സമയമാണ് അതെന്ന് തോന്നിയിരിക്കാം.
‘സെറ്റില്‍ വന്ന് നോക്കൂ. ബാക്കി അപ്പോള്‍ തീരുമാനിക്കാം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അങ്ങനെ ഞാന്‍ അവിടേക്ക് പോകുകയും ആദ്യ ദിവസം തന്നെ വലിയൊരു സീന്‍ എടുക്കുകയും ചെയ്തു. അത് എന്തുകൊണ്ടോ വര്‍ക്കാകുകയും ചെയ്ത്. അവസാനം മമ്മൂക്കയൊക്കെ ആ റോള്‍ ഞാന്‍ തന്നെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അന്ന് കിട്ടിയത് വളരെ നല്ലൊരു റോള്‍ കൂടെയായിരുന്നു,’ ശാന്തി കൃഷ്ണ പറഞ്ഞു.
Content Highlight: Shanthi Krishna Talks About Mammootty And Nayam Vykthamakkunnu Movie Role