| Sunday, 27th July 2025, 6:58 am

ആ സിനിമയില്‍ എന്റെ നായകന്‍ പൃഥ്വി തന്നെ; മോഹന്‍ലാലോ മമ്മൂട്ടിയോയല്ല: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ശാന്തി കൃഷ്ണ. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച ഒരാള്‍ കൂടിയാണ് അവര്‍. 80കളില്‍ തന്റെ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്.

മലയാളത്തില്‍ ഈയിടെ ഇറങ്ങിയ ചില സിനിമകളില്‍ നായികയാകാന്‍ സാധിച്ചാല്‍ ആരാകും കൂടെ നായകനാകാന്‍ ആഗ്രഹമെന്ന് പറയുകയാണ് ശാന്തി കൃഷ്ണ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു നടി. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയെ കുറിച്ചാണ് ആദ്യം പറഞ്ഞത്.

ഗുരുവായൂരമ്പല നടയില്‍ ഞാന്‍ കണ്ട സിനിമയാണ്. അതില്‍ നിഖില വിമല്‍ ചെയ്ത കഥാപാത്രം ഞാന്‍ ആണെങ്കില്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രം പൃഥ്വിരാജ് തന്നെ ആയിക്കോട്ടെ (ചിരി). നിങ്ങള്‍ ഞാന്‍ പറയുന്നത് മമ്മൂട്ടിയോ മോഹന്‍ലാലോ ആകുമെന്ന് കരുതിയിട്ടുണ്ടാകും. പക്ഷെ എന്തുകൊണ്ട് പൃഥ്വിരാജ് ആയിക്കൂടാ,’ ശാന്തി കൃഷ്ണ പറയുന്നു.

ബോളിവുഡില്‍ നിന്നുള്ള ആളെ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശാന്തി അമിതാഭ് ബച്ചന്റെ പേരാണ് പറഞ്ഞത്. താന്‍ അദ്ദേഹത്തിന്റെ കട്ട ഫാനാണെന്നും അമിതാഭ് ബച്ചനും കമല്‍ ഹാസനും തനിക്ക് ഒരുപാട് ഇഷ്ടമുള്ളവര്‍ ആണെന്നും നടി പറയുന്നു.

അവരില്‍ ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ‘കമല്‍ അമിതാഭ്’ എന്നായിരുന്നു ശാന്തി കൃഷ്ണയുടെ മറുപടി. അതില്‍ ഒരാളെ തെരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധം പറഞ്ഞതോടെ ‘ജനിച്ച് വളര്‍ന്നത് ബോംബൈയില്‍ ആയത് കൊണ്ട് അമിതാഭ് ബച്ചനെ തെരഞ്ഞെടുക്കുന്നു’ എന്നായിരുന്നു നടി പറഞ്ഞത്.

അതേസമയം പ്രേമലു സിനിമയില്‍ മമിത ബൈജുവായി അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ നസ്‌ലെന്‍ ആയിട്ട് ആര് അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് താന്‍ പ്രേമലു കണ്ടിട്ടില്ലെന്നായിരുന്നു ശാന്തിയുടെ മറുപടി.

‘ഞാന്‍ പ്രേമലു കണ്ടിട്ടില്ല. പക്ഷെ എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കാണാന്‍ പറ്റിയില്ല. പിന്നെ പ്രേമലു നല്ല ഫേമസായ സിനിമയാണെന്ന് എനിക്ക് അറിയാം. സൂക്ഷ്മദര്‍ശിനി എന്ന സിനിമയും ഞാന്‍ കണ്ടിട്ടില്ല,’ ശാന്തി കൃഷ്ണ പറയുന്നു.


Content Highlight: Shanthi Krishna Talks About Guruvayurambala Nadayil Movie

We use cookies to give you the best possible experience. Learn more