മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ നടക്കുന്ന പ്രശ്നങ്ങളിൽ കൂടുതൽ അറിയാതെ പ്രതികരിക്കാൻ കഴിയില്ലെന്ന് നടി ശാന്തി കൃഷ്ണ. താൻ ‘അമ്മ’യുടെ ലൈഫ് മെമ്പറാണെങ്കിലും സംഘടനയിലെ നിലവിലെ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നും അതുകൊണ്ടാണ് പൊതുവായി പ്രതികരിക്കാത്തതെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
‘അമ്മയിലെ പ്രശ്നങ്ങൾ എന്താണെന്ന് കൂടുതൽ അറിയാതെ എങ്ങനെയാണ് അതിനെക്കുറിച്ച് പ്രതികരിക്കുക. ഞാൻ അമ്മയുടെ ലൈഫ് മെമ്പറാണ്. പക്ഷേ ഞാൻ അതിലെ ഒരു ഗ്രൂപ്പിലും ഉൾപ്പെടുന്ന ആളല്ല. കൊച്ചിയിൽ ഇല്ലാത്ത സമയത് പല ജനറൽ ബോഡി മീറ്റിങ്ങുകളിലും പങ്കെടുക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ അവിടെ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും എനിക്ക് കൃത്യമായി അറിയില്ല. ആരാണ് അഡ്മിനിസ്ട്രേഷനിലുള്ളത് എന്നൊന്നും എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ സത്യാവസ്ഥ അറിയാതെ ഒരാളെ പിന്തുണയ്ക്കാൻ എനിക്ക് കഴിയില്ല,’ ശാന്തി കൃഷ്ണ പറഞ്ഞു.
ശാന്തി കൃഷ്ണ.Photo. Screengrab/ 24 News/ Youtube.com
സ്ത്രീയെന്നോ പുരുഷനെന്നോ നോക്കി ഒരു വിഷയത്തിൽ നിലപാട് എടുക്കുന്ന വ്യക്തിയല്ല താനെന്നും, സത്യാവസ്ഥ മനസ്സിലാക്കി നീതി ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി. ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റിയിൽ അംഗമാകാൻ തന്നെ സമീപിച്ചിരുന്നെങ്കിലും താൻ അതിന് തയ്യാറായില്ലെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
‘എന്റെ സ്വഭാവം വെച്ച് കണ്ണുകൊണ്ട് കാണുന്ന കാര്യങ്ങളാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് തെളിവും വേണം. പെണ്ണായത് കൊണ്ട് ഒരാളെ പിന്തുണയ്ക്കണം എന്നോ ആണായത് കൊണ്ട് മറ്റൊരാളെ പിന്തുണയ്ക്കണം എന്നോ ഞാൻ ചിന്തിക്കാറില്ല. എന്തായാലും നീതി വേണം. അതാണ് ഞാൻ ചിന്തിക്കുന്നത്. അഡ്ഹോക് കമ്മിറ്റിയിൽ ചേരുമോ എന്ന് വിളിച്ച് ചോദിച്ചിരുന്നു. പക്ഷേ എനിക്ക് അതിന് ധൈര്യമില്ലെന്ന് പറഞ്ഞ് ഞാൻ പിന്മാറി. ഞാൻ ഭയങ്കര സെൻസിറ്റീവാണ്. ആരെങ്കിലും ചെറിയ കാര്യം പറഞ്ഞാൽ പോലും എനിക്ക് കരയാൻ തോന്നും,’ താരം പറഞ്ഞു.
‘അമ്മ’യിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ സങ്കടമുണ്ടെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു. മുരളി, ഇന്നസെന്റ്, സുകുമാരി, കെ.പി.എ.സി. ലളിത തുടങ്ങിയവർക്കൊപ്പമുണ്ടായിരുന്ന പഴയ കാലത്തെ ‘അമ്മ’യുടെ പ്രവർത്തനങ്ങളും കൂട്ടായ്മയും വ്യത്യസ്തമായിരുന്നുവെന്നും താരം ഓർത്തെടുത്തു.
‘ഞങ്ങൾ എല്ലാവരും ഒരുമിച്ച് റിഹേഴ്സൽ ചെയ്യുകയും പരിപാടികൾ നടത്തുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതൊക്കെ വേറൊരു മൂഡായിരുന്നു. ഇപ്പോൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അടിയാണെന്ന് പറയുമ്പോൾ അതിൽ സങ്കടമുണ്ട്. എന്തിനായാലും നമ്മൾക്ക് ഉണ്ടായിരുന്ന ആ ഒരു ഫീൽ നഷ്ടപ്പെട്ടുപോയതുപോലെയാണ് തോന്നുന്നത്,’ ശാന്തി കൃഷ്ണ പറഞ്ഞു.
‘അമ്മ അസോസിയേഷൻ.Photo.onmanorama
അതേസമയം, ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും ശാന്തി കൃഷ്ണ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ എന്ന നിലയിൽ ഇത്തരം സാഹചര്യങ്ങളിൽ ആരെ വിശ്വസിക്കണമെന്നത് പോലും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും താരം പറഞ്ഞു. ആ സംഭവത്തിൽ നിന്ന് അതിജീവിച്ച് മുന്നോട്ടുപോകാൻ നടിയ്ക്ക് കഴിഞ്ഞത് വലിയ കാര്യമാണെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.
Content Highlight: Shanthi Krishna Talks About AMMA Association