അഭിനയ ജീവിതം നാലുപതിറ്റാണ്ട് പിന്നിട്ട നടിയാണ് ശാന്തി കൃഷ്ണ. 80കളില്‍ തന്റെ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്. മോഹന്‍ലാലിന്റെ കൂടെ ഭാര്യ, സുഹൃത്ത്, കാമുകി, അമ്മ, അമ്മായിയമ്മ എന്നിങ്ങനെ പല വേഷങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി കൃഷ്ണ.
‘ലാലും ഞാനുമെല്ലാം ഒരേ കാലത്ത് സിനിമയിലെത്തിയവരാണ്. ഇന്നത്തെ താരപദവി ചേര്‍ത്തുവെച്ചല്ല, മോഹന്‍ലാല്‍ എന്ന നടനെ ഞാന്‍ കാണുന്നത്. നേരിട്ട് കാണുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്.
ലാലിന്റെ കൂടെ വിഷ്ണുലോകം, ചെങ്കോല്‍, പക്ഷേ, ഗാന്ധര്‍വം, മായാമയൂരം, പിന്‍ഗാമി… തുടങ്ങി ഒരുപാട് സിനിമകളില്‍ കാമുകിയായും ഭാര്യയായും അമ്മയായും എത്തിയിട്ടുണ്ട്. സിനിമകള്‍ വരുമ്പോള്‍ കഥാപാത്രം എന്താണെന്ന് നോക്കുമെന്നല്ലാതെ മോഹന്‍ലാലിന്റെ അമ്മയാണോ, അമ്മായിയമ്മ യാണോ എന്നൊന്നും ചിന്തിച്ചിരുന്നില്ല,’ ശാന്തി പറയുന്നു.
പിന്‍ഗാമിയില്‍ മോഹന്‍ലാലിന്റെ അമ്മയാണെങ്കിലും ഫ്‌ളാഷ് ബാക്കില്‍ ദേവന്റെ ഭാര്യയാണെന്നും തന്റെ മനസില്‍ പിന്‍ഗാമി, സത്യന്‍ അന്തിക്കാട് പടം എന്നുമാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളുവെന്നും ശാന്തി പറഞ്ഞു. അഭിനയിച്ച് കഴിഞ്ഞപ്പോഴാണ് മോഹന്‍ലാലിന്റെ അമ്മ കഥാപാത്രമാണെന്ന് മനസിലായതെന്നും ക്ലൈമാക്‌സില്‍ തങ്ങള്‍ ഒന്നിച്ച് സ്‌ക്രീന്‍ സ്‌പെയ്സ് പങ്കിടുന്നുണ്ടെങ്കിലും ആ ഭാഗത്ത് സംഭാഷണങ്ങളില്ലെന്നും ശാന്തി പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് തന്നെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ തമാശ രൂപേണ അമ്മയാണല്ലേ എന്നുപറഞ്ഞെന്നും ശാന്തി പറഞ്ഞു.
ഇനി അഭിനയിക്കുന്നില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സിബി മലയില്‍ തന്നെ ചെങ്കോലിലേക്ക് വിളിച്ചത്. സെറ്റില്‍ ചെന്നപ്പോഴാണ് മോഹന്‍ലാലിന്റെ നായികയുടെ അമ്മയുടെ വേഷമാണെന്ന് അറിയുന്നത്. പക്ഷെ അപ്പോഴും പ്രേക്ഷകര്‍ അയ്യേ എന്ന് പറഞ്ഞിട്ടില്ലെന്നും ശാന്തി പറഞ്ഞു.
മോഹന്‍ലാലിന്റെ അമ്മവേഷം ചെയ്തതുകൊണ്ട് നായിക വേഷം കിട്ടില്ലെന്നോര്‍ത്ത് ടെന്‍ഷനടിച്ചിട്ടില്ലെന്നും പക്ഷെയില്‍ നെഗറ്റീവ് റോളായിരുന്നെന്നും അവര്‍ പറയുന്നു. ഇനി താന്‍ മോഹന്‍ലാലിന്റെ അമ്മൂമ്മയുടെ വേഷം മാത്രമാണ് ചെയ്യാന്‍ ബാക്കിയുള്ളതെന്നും അവര്‍ തമാശയോടെ കൂട്ടിച്ചേര്‍ത്തു.
Content Highlight: Shanthi Krishna talking about Mohanlal