| Saturday, 4th October 2025, 4:31 pm

സിനിമ കണ്ടിട്ട് ഇങ്ങനെയുള്ള വേഷം ചെയ്യല്ലേ എന്ന് പലരും പറഞ്ഞു; പ്രേക്ഷകരുടെ മുന്നില്‍ ഇനി എനിക്ക് തെളിയിക്കാന്‍ ഒന്നുമില്ല: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവെന്ന നിലയില്‍ പ്രേക്ഷകരുടെ മുന്നില്‍ ഇനി തനിക്ക് തെളിയിക്കാന്‍ ഒന്നുമില്ലെന്ന് നടി ശാന്തി കൃഷ്ണ. തനിക്ക് തന്നെ തന്നെയാണ് ഇനി ബോധ്യപ്പെടുത്തേണ്ടതെന്നും തന്റെ കഴിവിന്റെ വ്യാപ്തിയും പരിധിയും സ്വയം തിരിച്ചറിയണമെന്നും ശാന്തി കൃഷ്ണ പറയുന്നു.

‘എന്നെ തന്നെ തിരിച്ചറിയാന്‍ ഞാന്‍ ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം. മച്ചാന്റെ മാലാഖ എന്ന സിനിമയില്‍ നെഗറ്റീവ് വേഷമാണ് ചെയ്തത്. കഥ പറയുമ്പോള്‍ തന്നെ സംവിധായകന്‍ പറഞ്ഞിരുന്നു, കുഞ്ഞുമോള്‍ വില്ലത്തിയാണെന്ന്. ആ കഥാപാത്രം എനിക്കൊരു വെല്ലുവിളിയായിരുന്നു.
പലരും സിനിമ കണ്ടിട്ട്, ചേച്ചി ഇങ്ങനെയുള്ള വേഷം ചെയ്യല്ലേ, കുഞ്ഞുമോളെ അടിക്കാന്‍ തോന്നി എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ആ കഥാപാത്രം വര്‍ക്കൗട്ടായി എന്നല്ലേ അതിനര്‍ത്ഥം,’ ശാന്തി കൃഷ്ണ പറഞ്ഞു.

കെ.എസ്.എഫ്.ഡി.സി നിര്‍മിച്ച ചിത്രം ‘നിള’യിലെ ഗൈനക്കോളജിസ്റ്റ് ശക്തമായ കഥാപാത്രമായിരുന്നുവെന്നും പണ്ട് ഒരുപാട് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സവിധത്തില്‍ മാതുവിന്റെയും സുനിതയുടെയും അമ്മയായും ചെങ്കോലില്‍ മോഹന്‍ലാലിന്റെ അമ്മായിയമ്മയുടെ റോളും ചെയ്തുവെന്നും അത്യന്തികമായി കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതിലാണ് കാര്യമെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിലെ ഓരോ അവസ്ഥകളില്‍നിന്നും സാഹചര്യങ്ങളില്‍ നിന്നും സിനിമയാണ് തന്നെ കരകയറ്റിയതെന്നും ജീവിതം സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്നുവെന്നും നടി പറഞ്ഞു.

‘സഹോദരനും സംവിധായകനുമായ സുരേഷ്‌കൃഷ്ണ വഴിയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചശേഷം തിരിച്ചുപോയി പഠനം തുടരാമെന്ന് കരുതി. എന്നാല്‍ ഞാന്‍ സിനിമാനടിയാകണമെന്നത് വിധിയാണ്. അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു,’ ശാന്തി കൃഷ്ണ പറഞ്ഞു.

Content highlight: Shanthi Krishna says that she has nothing to prove to the audience as an actor

We use cookies to give you the best possible experience. Learn more