| Friday, 8th August 2025, 7:29 am

സീരിയലില്‍ അഭിനയിച്ച ആദ്യ സിനിമാനടി ഞാനാണ്: ശാന്തി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിദ്ര, സാഗരം ശാന്തം, ചകോരം എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ തന്റെ സിനിമ കരിയര്‍ ആരംഭിച്ച ശാന്തി മോഹന്‍ലാല്‍ മമ്മൂട്ടി എന്നിങ്ങനെ നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

ചകോരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നടി സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് തിരിച്ചുവന്നെങ്കിലും വീണ്ടും ഒരു വലിയ ഇടവേള എടുത്തു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവന്നു. സിനിമക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ശാന്തി ഭാഗമായിരുന്നു. ഇപ്പോള്‍ സീരിയലില്‍ അഭിനയിച്ച ആദ്യ സിനിമ നടി താനാണെന്ന് ശാന്തി കൃഷ്ണ പറയുന്നു.

‘സിനിമ എന്നാല്‍ ആളുകള്‍ക്ക് ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് ഫീലിങ്ങ് ആണ്. കാരണം വലിയ സ്‌ക്രീനിലാണ് ആളുകള്‍ ആര്‍ട്ടിസ്റ്റിനെ കാണുന്നത്. അവര്‍ക്ക് നമ്മളെ നേരിട്ട് കാണുമ്പോള്‍ വലിയ സ്‌ക്രീനില്‍ കണ്ടൊരാളെ നേരിട്ട് കണ്ട ഫീലായിരിക്കും. അതുകൊണ്ട് അവര്‍ക്ക് ചിലപ്പോള്‍ നമ്മളെ സമീപിക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ടാകും. ഇവരൊക്കെ വലിയ ആളുകളാണെന്ന തോന്നല്‍ മറ്റുള്ളവര്‍ക്ക് വരും. നമ്മള്‍ വീട്ടില്‍ ലിവിങ് റൂമില്‍ ഇരുന്ന് കാണുന്ന ഒന്നാണ് സീരിയല്‍. ഇപ്പോഴാണ് ഒ.ടി.ടി ഒക്കെ വരുന്നത്. സീരിയല്‍ കാണുമ്പോള്‍ ആളുകള്‍ക്ക് നിങ്ങള്‍ വീട്ടിലുള്ള ആളേ പോലെ തോന്നും,’ ശാന്തി കൃഷ്ണ പറയുന്നു.

താന്‍ ദൂരദര്‍ശന്റെ കുറെ സീരിയലുകളില്‍ പണ്ട് അഭിനയിച്ചിട്ടുണ്ടെന്നും സീരിയലില്‍ അഭിനയിച്ച ആദ്യത്തെ സിനിമാ നടി താനായിരുന്നുവെന്നും അവര്‍ പറയുന്നു. ദൂരദര്‍ശനില്‍ അന്ന് മെഗാ സീരിയലുകള്‍ ഉണ്ടായിരുന്നില്ലെന്നും പതിമൂന്ന് എപ്പിസോഡുകള്‍ മാത്രമുള്ള സീരിയലുകളിലാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും ശാന്തി കൃഷ്ണ പറയുന്നു.

‘ആദ്യം അഭിനയിച്ചത് ആഭല്യം എന്നൊരു സീരിയലില്‍ ആയിരുന്നു. ദുര്‍ഗുണപാഠശാലയിലെ കുട്ടികളുടെ ജയില്‍ സൂപ്രണ്ടായിട്ടാണ് ഞാന്‍ അഭിനയിച്ചത്. മോഹപക്ഷി എന്നൊരു സീരിയലില്‍ ഉണ്ടായിരുന്നു. സായ് കുമാറും സോമേട്ടനുമൊക്കെ അതില്‍ ഉണ്ടായിരുന്നു,’ശാന്തി കൃഷ്ണ പറയുന്നു.

Content Highlight: Shanthi Krishna says she is the first film actress to act in a serial

We use cookies to give you the best possible experience. Learn more