| Tuesday, 11th August 2026, 7:40 am

വിവാഹജീവിതം പരാജയപ്പെട്ടതിൽ ഞാൻ കുറ്റക്കാരിയല്ലെന്ന് എനിക്ക് ഉറപ്പുണ്ട്; ശാന്തി കൃഷ്ണ

അജ്മല്‍ കെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നിരവധി സിനിമകളുടെ ഭാഗമായ നടിയാണ് ശാന്തി കൃഷ്ണ. 1976ൽ പുറത്തിറങ്ങിയ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്. 1994ൽ പുറത്തിറങ്ങിയ ‘ചകോരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശാന്തി കൃഷ്ണ സ്വന്തമാക്കിയിട്ടുണ്ട്.

സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്ന താരം പിന്നീട് വീണ്ടും സജീവമാണ്. ഇപ്പോഴിതാ തന്റെ ദാമ്പത്യജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ ലഭിച്ച പിന്തുണയെക്കുറിച്ചും തുറന്നുപറയുകയാണ് ശാന്തി കൃഷ്ണ. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ശാന്തി കൃഷ്ണ.Photo. Screengrab/ 24 News/ Youtube.com

‘നമ്മുടെ ജീവിതത്തിൽ ഒരു കാര്യം സംഭവിച്ചുകഴിഞ്ഞാൽ അതിനെക്കുറിച്ച് മാത്രം ആലോചിച്ചിരുന്നാൽ ജീവിതം മുന്നോട്ട് പോകില്ല. എല്ലാവരും പ്രശ്നങ്ങളെ ഒരേ രീതിയിലല്ല നേരിടുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. സംഭവിച്ചത് അംഗീകരിച്ച് എങ്ങനെ മുന്നോട്ട് പോകാം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോഴാണ് ഒരാൾക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ കഴിയുക,’ ശാന്തി കൃഷ്ണ പറഞ്ഞു.

ബുദ്ധിമുട്ടേറിയ സമയങ്ങളിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മക്കളുടെയും പിന്തുണ തനിക്ക് ലഭിച്ചിരുന്നെന്നും താരം പറഞ്ഞു. വിഷമിച്ചിരിക്കുന്ന സമയങ്ങളിൽ മക്കൾ നൽകുന്ന പിന്തുണ വലിയ ആശ്വാസമായിരുന്നെന്നും താരം വ്യക്തമാക്കി.

‘എപ്പോഴെങ്കിലും എന്തെങ്കിലും വിഷമിച്ച് ഇരിക്കുമ്പോൾ മക്കൾ വന്ന് ‘അമ്മേ, കം ഓൺ… ആവശ്യമില്ലാതെ ഒന്നും ചിന്തിക്കണ്ട’ എന്നൊക്കെ പറയും. ആ സമയത്ത് അതെല്ലാം എനിക്ക് വലിയ ആശ്വാസമായിരുന്നു,’ ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.

തന്റെ രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതിൽ താൻ തന്നെ കുറ്റക്കാരിയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും ശാന്തി കൃഷ്ണ പറഞ്ഞു. കുടുംബജീവിതം ആഗ്രഹിച്ചതുപോലെ മുന്നോട്ട് പോകാത്തതിൽ വിഷമം തോന്നിയിട്ടുണ്ടെങ്കിലും, അതിന്റെ പേരിൽ ജീവിതത്തിൽ തളർന്നുപോകാൻ താൻ തയ്യാറായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

‘രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടപ്പോഴും ഞാൻ അല്ല അതിന് കാരണം എന്നെനിക്ക് ഉറപ്പുണ്ട്. നല്ലൊരു കുടുംബജീവിതം ഉണ്ടായില്ലല്ലോ എന്ന വിഷമം തീർച്ചയായും തോന്നിയിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ നല്ലൊരു സന്തോഷമുള്ള ജീവിതം ആഗ്രഹിക്കാത്തവരുണ്ടാകില്ലല്ലോ. എനിക്കും അങ്ങനെയൊരു ജീവിതം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് സ്വാഭാവികമായി സംഭവിച്ചില്ല,’ ശാന്തി കൃഷ്ണ പറഞ്ഞു.

ശാന്തി കൃഷ്ണ.Photo. IMDb

മക്കളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തെന്നും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഏറെ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു. ജോലിയും മക്കളും സുഹൃത്തുക്കളുമെല്ലാം തന്റെ ജീവിതത്തിലെ സന്തോഷങ്ങളാണെന്നും, അമ്മയുടെ അഭാവമാണ് ഇപ്പോൾ തനിക്ക് ഏറ്റവും വലിയ വിഷമമെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

‘എന്റെ ജീവിതത്തിൽ നല്ലൊരു പങ്കാളി ഉണ്ടായില്ലല്ലോ എന്ന വിഷമം തോന്നിയിട്ടുണ്ട്. അത് തോന്നാതിരിക്കില്ല. പക്ഷേ ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. ജോലിയുണ്ട്, മക്കളുണ്ട്, ഫ്രണ്ട്സുണ്ട്. അമ്മ എന്റെ കൂടെയില്ല എന്നുള്ള വിഷമം മാത്രമാണ് ഇപ്പോഴുള്ളത്. കാരണം എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്റെ അമ്മയായിരുന്നു,’ താരം പറഞ്ഞു.

Content Highlight: Shanthi Krishna opens up about her married life and her return to cinema after a break

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more