| Thursday, 11th September 2025, 10:13 am

എന്റെ ആദ്യ മലയാള ചിത്രം; ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അന്ന് പഠിക്കാന്‍ കഴിഞ്ഞു: ശാന്തനു ഭാഗ്യരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടനാണ് ശാന്തനു ഭാഗ്യരാജ്. വെട്ടിയ മടിച്ചു കാട്ടില്‍ എന്ന സിനിമയിലൂടെ ബാലതാരമായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നിരവധി തമിഴ് ചിത്രങ്ങളില്‍ ശാന്തനു ഭാഗമായിരുന്നു. എന്നാല്‍ ശാന്തനുവിനെ മലയാളികള്‍ക്ക് പരിചിതം എയ്ഞ്ചല്‍ ജോണ്‍ എന്ന മലയാള സിനിമയിലൂടെയാണ്.

എയ്ഞ്ചല്‍ ജോണ്‍ സിനിമയെ കുറിച്ചും മോഹന്‍ലാലിനെയും കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. മലയാളത്തിലെ എന്റെ ആദ്യചിത്രമായിരുന്നു എയ്ഞ്ചല്‍ ജോണ്‍ എന്ന് പറഞ്ഞാണ് ശാന്തനു തുടങ്ങിയത്.

‘ഷൂട്ടിങ്ങിനിടെയുണ്ടായ ഒരുപാടനുഭവങ്ങള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. സെറ്റില്‍ ലാലേട്ടന്‍ തമാശ പറഞ്ഞും കളിയാക്കിയുമെല്ലാം എപ്പോഴും ജോളിയായാണ് ഇരിക്കുക. ‘ഞാനൊരു സൂപ്പര്‍ സ്റ്റാറാണ്, ഞാന്‍ ഒറ്റയ്ക്ക് എന്റെ കാരവനില്‍ ഇരിക്കും’ എന്ന ചിന്തയൊന്നുമില്ല. എല്ലാവര്‍ക്കുമൊപ്പം ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് അദ്ദേഹം വീട്ടില്‍നിന്ന് ഭക്ഷണമുണ്ടാക്കി കൊണ്ടുവന്ന് തരും. അതെല്ലാം മനോഹരമായ അനുഭവങ്ങളായി രുന്നു.

സൂപ്പര്‍ സ്റ്റാര്‍ എന്ന ഭാവം ഒട്ടുമില്ലാതെ സാധാരണക്കാരനായി സിംപിളായാണ് ലാലേട്ടന്‍ എല്ലാവരോടും പെരുമാറിയിരുന്നത്. അതെനിക്ക് വലിയൊരനുഭവമായിരുന്നു. അങ്ങനെയുള്ള കുറെ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പഠിക്കാന്‍ കഴിഞ്ഞു,’ ശാന്തനു പറഞ്ഞു.

തമിഴ് സിനിമയില്‍ തങ്ങള്‍ ഒന്‍പതുമുതല്‍ ആറുവരെ ജോലിചെയ്യുമെന്നും എന്നാല്‍ ഇവിടെ ഒന്‍പതുമുതല്‍ ഒന്‍പതുവരെ ജോലി ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് കഷ്ടപ്പാടായിരുന്നുവെന്നും എന്നാലും അങ്ങനെ ജോലി ചെയ്യാനായിരുന്നു തനിക്കും ഇഷ്ടമെന്നും ശാന്തനു കൂട്ടിച്ചേര്‍ത്തു.

തമിഴ് നടനെന്ന നിലയിലും തമിഴ് പ്രേക്ഷകനെന്ന നിലയിലും തമിഴര്‍ക്ക് മലയാള സിനികളോട് എല്ലായ്‌പ്പോഴും വളരെ ഇഷ്ടവും ബഹുമാനവുമാണെന്നും ശാന്തനു പറയുകയുണ്ടായി. മലയാള സിനിമ വളരെ റിയലിസ്റ്റിക്കാണെന്നും ഇവിടെ കണ്ടന്റിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: shanthanu bagyaraj shares his memories of the movie Angel John and Mohanlal

We use cookies to give you the best possible experience. Learn more