നെപോട്ടിസം തമിഴ് സിനിമയില്‍ വര്‍ക്കാവില്ലെന്ന് ശാന്തനു ഭാഗ്യരാജ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാലും ഭാഗ്യരാജിന്റെ മകന്‍ എന്ന ടാഗ് ലൈന്‍ തനിക്ക് വലിയ പ്രഷറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴിലെ അറിയപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിന്റെ മകനാണ് ശാന്തനു. ശാന്തനു ഭാഗമാകുന്ന ബള്‍ട്ടി എന്ന മലയാള ചിത്രം നാളെയാണ് തിയേറ്ററില്‍ എത്തുന്നത്.
‘ഇന്ന ആളുടെ മകനായി ജനിക്കണമെന്നൊനും ആഗ്രഹിച്ചതല്ല, അത് അങ്ങനെ സംഭവിച്ച് പോയതാണ്.(ചിരി) ഞാന്‍ വേറെ എവിടെയെങ്കിലുമാണ് ജനിച്ചതെങ്കിലും എന്റെ പാഷന്‍ ഇതൊക്കെ തന്നെയായിരിക്കും. പക്ഷേ ആ ടാഗ് ലൈന്‍ ഉള്ളതുകൊണ്ട് തന്നെ വലിയ ബാഗേജും ഒപ്പം കുറേ ഗുണങ്ങളുമുണ്ട്. എല്ലാവരെയും പെട്ടന്ന് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നതാണ് ഒരു ഗുണം.
ഭാഗ്യരാജിന്റെ മകന്‍ അല്ലാതെ വെറും ശാന്തവനുവായിരുന്നെങ്കില്‍ കോണ്‍ടാക്റ്റ് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അതിന് ഒരുപാട് സമയം എടുത്തേക്കാം. ഇങ്ങനെയായതുകൊണ്ട് കുറച്ച് മുമ്പേ എനിക്ക് സിനിമയില്‍ വരാന്‍ കഴിഞ്ഞു. അല്ലാതെ മറ്റ് വ്യത്യാസങ്ങളൊന്നും ഇല്ല,’ ശാന്തനു പറയുന്നു.
ഷെയ്ന്‍ നിഗം പ്രധാനവേഷത്തില്‍ എത്തുന്ന ബള്‍ട്ടിയില്‍ ശാന്തനുവും ഒരു റോളില്‍ എത്തുന്നുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായാണ് ഒരുങ്ങുന്നത്.
സിനിമയില്‍ ഇവര്‍ക്ക് പുറമെ പ്രീതി അസ്രാണി, അല്‍ഫോണ്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പൂര്‍ണ്ണിമ എന്നിവരും അഭിനയിക്കുന്നു. അലക്‌സ് ജെ. പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സന്തോഷ് ടി കുരുവിളയും ബിനു ജോര്‍ജ് അലക്‌സാണ്ടറും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.
Content highlight: Shantanu Bhagyaraj talks about nepotism