| Friday, 16th October 2026, 8:52 pm

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്നും പറഞ്ഞുവിട്ടു, ഞാന്‍ ഷോക്കായിപ്പോയി; ശങ്കര്‍

അശ്വിന്‍ രാജേന്ദ്രന്‍

1980കളില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും വലിയ താരമൂല്യമുള്ള മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നു ശങ്കര്‍. 1980ല്‍ തമിഴില്‍ പുറത്തിറങ്ങിയ ഒരു തലൈ രാഗത്തിലൂടെയും മലയാളത്തില്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയും ശങ്കര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് സംവിധായകനായും നിര്‍മാതാവായും താരം സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എണ്‍പതുകളില്‍ ലഭിച്ച പ്രേക്ഷക സ്വീകാര്യതയും സ്റ്റാര്‍ഡവും പിന്നീട് തുടരാന്‍ ശങ്കറിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി പരാജയ ചിത്രങ്ങളുടെ ഭാഗമായ താരം പിന്നീട് മലയാള സിനിമയിലെ മുന്‍നിരയില്‍ നിന്നും പിന്തള്ളപ്പെടുകയായിരുന്നു. എങ്കിലും സഹനടനായും ചെറിയ റോളുകളിലും താരം സജീവമായിരുന്നു.

കരിയറിന്റെ തുടക്കകാലത്ത് ഒരു ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ക്ഷണം ലഭിച്ചതിനെ കുറിച്ചും എന്നാല്‍ തന്റെ അഭിനയം ഇഷ്ടപ്പെടാതെ സെറ്റില്‍ നിന്നും പറഞ്ഞുവിട്ടതിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ന്യൂസ് പീടികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

ശങ്കര്‍. Photo: X.com

‘ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്ത് ഓരോ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എന്റെ ഒരു ഫോട്ടോ കൊടുക്കുമായിരുന്നു. അതിന്റെ ഒപ്പം അഡ്രസും ഫോണ്‍ നമ്പറും കൊടുക്കും. അങ്ങനെയിരിക്കുമ്പോഴാണ് ശരപഞ്ചരത്തില്‍ ഒരു സീനില്‍ ഞാന്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് പഠിച്ചുകൊണ്ടിരിക്കുന്ന സമത്ത് എന്റെ ഫോട്ടോ കണ്ടിട്ട് എനിക്ക് ഒരു കോള്‍ വന്നു. എം.ഒ ദേവസ്യ ആയിരുന്നു അത്. അദ്ദേഹം മേക്കപ്പ്മാനും ലീഡിങ് പ്രൊഡ്യൂസറുമായിരുന്നു.

എന്റെ ഫോട്ടോ അവര്‍ കണ്ടു, ഒരു സിനിമ നടക്കുന്നുണ്ട്, നാളെ രാവിലെ എറണാകുളത്തേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ അതിരാവിലെയുള്ള ബസില്‍ ഞാന്‍ യാത്രതിരിച്ചു. അന്ന് ആദ്യമായിട്ടായിരുന്നു എറണാകുളത്തേക്ക് വരുന്നത്. അന്ന് ഞാന്‍ പോകുന്നതറിഞ്ഞ് എല്ലാവരും ഹാപ്പിയായി. കാരണം എം.ഒ ദേവസ്യ എന്ന് പറയുന്നത് വലിയൊരു കമ്പനിയാണ് അവരുടെ ഒരു ചിത്രത്തില്‍ നമുക്ക് അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടുക എന്ന് പറയുമ്പോള്‍ ചെറിയ കാര്യമല്ല. ആരാണ് സംവിധായകന്‍ എന്ന് പോലും ഞാന്‍ ചോദിച്ചിരുന്നില്ല.

അവിടെ പോയപ്പോള്‍ ചെറിയ ഒരു വിറയല്‍ ഉണ്ടായിരുന്നെങ്കിലും ശരപഞ്ചരത്തില്‍ ഒരു സീന്‍ അഭിനയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഞാനത് ചെയ്തു. അതിന് ശേഷം വേറെ ആക്ടേഴ്‌സ് എല്ലാം വന്നതുകൊണ്ട് ഇനി അവരുടെ ഷൂട്ട് ആണെന്ന് പറഞ്ഞ് എന്നെ റൂമിലേക്കാക്കി. മൂന്ന് ദിവസം ഞാനവിടെ ഇരുന്നു, എന്നെ ആരും വിളിച്ചില്ല. പരിചയമില്ലാത്ത സ്ഥലമായത് കൊണ്ട് ഞാനധികം പുറത്തേക്കും പോയില്ല,’ ശങ്കര്‍ പറയുന്നു.

കാത്തിരിപ്പിനൊടുവില്‍ അഭിനേതാവായ പ്രതാപ് ചന്ദ്രനാണ് തന്നോട് അഭിനയം വിചാരിച്ച പോലെ ശരിയായില്ലെന്നും പൊയ്‌ക്കൊള്ളാന്‍ പറഞ്ഞതെന്നും പറയുകയാണ് ശങ്കര്‍.

‘അങ്ങനെ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് എന്റെ വാതിലിന് മുട്ടി. തുറന്ന് നോക്കുമ്പോള്‍ പ്രതാപ് ചന്ദ്രന്‍ സാറാണ്. ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ പഠിക്കുകയാണല്ലേ എന്ന് ചോദിച്ചു. നിരാശപ്പെടരുത് ഇതൊന്നും വലിയ കാര്യമല്ല എന്ന് അദ്ദേഹം പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ശങ്കരന്റെ ആക്ടിങ് അത്ര ശരിയായില്ലെന്ന് ഫീല്‍ ചെയ്‌തെന്നും അതുകൊണ്ട് ഇന്ന് പൊക്കോളൂ എന്നും പറഞ്ഞ് എന്റെ കൈയില്‍ ഒരു കവര്‍ തന്നു. അതില്‍ 250 രൂപയോളമുണ്ടായിരുന്നു. ഇതുകൊണ്ട് വിഷമിക്കരുതെന്നും നിങ്ങള്‍ക്ക് യോഗമുണ്ടെങ്കില്‍ സിനിമയില്‍ വരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ശങ്കര്‍. Photo: X.com

അത് കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഞാന്‍ ഷോക്കായിപ്പോയി. സിനിമയിലഭിനയിക്കുന്നുവെന്ന് എല്ലാവരെയും അറിയിച്ചു. എന്റെ വിചാരം സിനിമ ലൈഫ് കഴിഞ്ഞു എന്നായിരുന്നു. അഭിനയിക്കാന്‍ അറിയില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞതും,’ ശങ്കര്‍ പറഞ്ഞു.

Content Highlight: Shankar talks about his early career incident

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more