| Monday, 19th October 2026, 9:36 pm

റൊമാന്റിക് ഹീറോ എന്നതിനപ്പുറത്തേക്ക് എന്നെ ആരും ഉപയോഗപ്പെടുത്തിയില്ല; അനുഭവം പങ്കുവെച്ച് ശങ്കര്‍

അശ്വിന്‍ രാജേന്ദ്രന്‍

1980കളില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും വലിയ താരമൂല്യമുള്ള മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നു ശങ്കര്‍. 1980ല്‍ തമിഴില്‍ പുറത്തിറങ്ങിയ ഒരു തലൈ രാഗത്തിലൂടെയും മലയാളത്തില്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയും ശങ്കര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് സംവിധായകനായും നിര്‍മാതാവായും താരം സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ശങ്കര്‍. Photo: X.com

എണ്‍പതുകളില്‍ ലഭിച്ച പ്രേക്ഷക സ്വീകാര്യതയും സ്റ്റാര്‍ഡവും പിന്നീട് തുടരാന്‍ ശങ്കറിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി പരാജയ ചിത്രങ്ങളുടെ ഭാഗമായ താരം പിന്നീട് മലയാള സിനിമയിലെ മുന്‍നിരയില്‍ നിന്നും പിന്തള്ളപ്പെടുകയായിരുന്നു. എങ്കിലും സഹനടനായും ചെറിയ റോളുകളിലും താരം സജീവമായിരുന്നു.

ചോക്ലേറ്റ് ഹീറോ എന്ന ടാഗില്‍ മാത്രം ഒതുങ്ങിപോയതായിരുന്നു ശങ്കര്‍ എന്ന നായകനടന്റെ വീഴ്ചയില്‍ പ്രധാന കാരണമായത്. ഇതേകുറിച്ച് ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ന്യൂസ് പീടികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ സിനിമയിലേക്ക് വന്നിട്ടുള്ളത് ഒരു ചോക്ലേറ്റ് ഹീറോ ആയിട്ടാണ്. അത്തരത്തില്‍ ചോക്ലേറ്റ് ഹീറോ ആയിട്ട് വന്നവര്‍ക്കെല്ലാം ഈ അബദ്ധം പറ്റിയിട്ടുണ്ട്. ആ ഒരു ഇമേജില്‍ നിന്നും മാറി വരാന്‍ നമുക്ക് ഭയങ്കര ബുദ്ധിമുട്ടായിരിക്കും. ഞാനെന്റെ സിനിമകളിലെല്ലാം നിര്‍ബന്ധിച്ച് രണ്ട് ഫൈറ്റ് വെക്കുമായിരുന്നു. എന്റെയും മോഹന്‍ലാലിന്റെയും കോമ്പിനേഷനില്‍ വരുന്ന സിനിമകളിലെ ഫൈറ്റ് എല്ലാം നന്നായിരിക്കും. ഞാന്‍ ഫൈറ്റ് നന്നായിട്ട് ചെയ്യുമായിരുന്നു. വെറുതെ പാട്ടും പാടി നടക്കാതെ ആക്ഷന്‍ ഓറിയന്റഡായിട്ടുള്ള രീതിയിലേക്ക് കൂടെ വരണം എന്ന ചിന്താഗതിയിലാണ് അത് ചെയ്യുന്നത്.

അങ്ങനെ വേണു നാഗവള്ളി സുഖമോ ദേവി കഴിഞ്ഞപ്പോള്‍ ഈ പാട്ടും പാടി നടക്കുന്ന റോള്‍ എനിക്ക് വേണ്ടെന്നും എന്തെങ്കിലും വ്യത്യസ്തമായ റോള്‍ തരണമെന്നും ഞാനങ്ങോട്ട് ചോദിച്ചിരുന്നു. ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യുന്ന പോലെ നമുക്കും ചെയ്യണം എന്ന ചിന്ത അപ്പോഴേക്കും എന്റെ മനസിലുണ്ടായിരുന്നു. അങ്ങനെ എനിക്ക് കിട്ടിയ റോളാണ് കിഴക്കുണരും പക്ഷി. സത്യം പറഞ്ഞാല്‍ ചോദിച്ച് വാങ്ങിയതാണ് അത്. പക്ഷേ ചിത്രം വിചാരിച്ച പോലെ വിജയമായില്ല. നമ്മള്‍ എന്ത് റോള്‍ ചെയ്താലും ആ സിനിമ ജനം കണ്ടിട്ടില്ലെങ്കില്‍ നമുക്ക് ഒരു ഗുണവും അത് ചെയ്യില്ല.

ശങ്കര്‍. Photo: X.com

സംവിധായകരോ തിരക്കഥാകൃത്തുക്കളോ ആരും തന്നെ ആ ശങ്കറിനെ നമുക്ക് വ്യത്യസ്തമായി യൂസ് ചെയ്യാമെന്ന് വിചാരിച്ചിട്ടില്ല. പ്രിയന്‍ വിചാരിച്ചിട്ടില്ല, സിബി മലയില്‍, ഭദ്രന്‍ ഇവരാരും വിചാരിച്ചിട്ടില്ല. അതിന്റെയൊന്നും കാരണം എനിക്കറിയില്ല, ഞാന്‍ ചോദിക്കാനും പോയിട്ടില്ല,’ ശങ്കര്‍ പറഞ്ഞു.

Content Highlight: Shankar talks about being a chocolate hero in 1980’s

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more