| Friday, 13th February 2026, 8:24 pm

ഇന്നായിരുന്നെങ്കില്‍ ഷങ്കറിനെ എല്ലാവരും എയറിലാക്കിയേനെ, വൈറലായി ബോയ്‌സിലെ ഗാനരംഗം

അമര്‍നാഥ് എം.

രാജമൗലിക്ക് മുമ്പ് സിനിമാപ്രേമികളെ വിസ്മയിപ്പിച്ച സംവിധായകനായിരുന്നു ഷങ്കര്‍. പറയുന്ന കഥയുടെ വലിപ്പവും മേക്കിങ്ങും കൊണ്ട് രണ്ട് പതിറ്റാണ്ടിലധികം കാലം ബ്രാന്‍ഡ് സംവിധായകനായി ഷങ്കര്‍ മുന്‍നിരയില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ മുതല്‍ക്കിങ്ങോട്ട് ഷങ്കര്‍ എന്ന സംവിധായകന്റെ മോശം ഫേസ് ആരംഭിച്ചു. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയും ഷങ്കര്‍ ട്രോള്‍ മെറ്റീരിയലാവുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളാണ് ഷങ്കറിന്റെ ഒരു സിനിമയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പുതുമുഖങ്ങളെ അണിനിരത്തി ഷങ്കര്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ബോയ്‌സ് എന്ന ചിത്രത്തിലെ പല രംഗങ്ങളും ഇപ്പോള്‍ വിമര്‍ശിക്കപ്പെടുകയാണ്. ഷങ്കറിന്റെ കരിയറിലെ ആദ്യത്തെ ആവറേജ് ചിത്രമായിരുന്നു ബോയ്‌സ്.

ബോയ്‌സ് Photo: OTTPlay

ചിത്രത്തിലെ ‘എനക്കൊരു ഗേള്‍ഫ്രണ്ട്’ എന്ന ഗാനരംഗം വളരെ മോശമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമിങ് ഓഫ് ഏജ് യുവാക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ജീവിതം ആസ്വദിക്കുന്നതായാണ് സംവിധായകന്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ഈ ഗാനരംഗത്തില്‍ നായകനും കൂട്ടുകാരും ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ അങ്ങേയറ്റം വെറുപ്പുളവാക്കുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

സ്ത്രീകള്‍ കൂട്ടംകൂടി നില്‍ക്കുന്നിടത്തെല്ലാം ഉന്തിത്തള്ളി അവരെ ലൈംഗികമായി സ്പര്‍ശിക്കുന്ന നായകന്റെയും കൂട്ടുകാരുടെയും ചെയ്തികളെ ഹീറോയിക്കായാണ് സംവിധായകന്‍ അവതരിപ്പിച്ചതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. കരുത്ത് കണ്ണമ്മ എന്ന ഇന്‍സ്റ്റഗ്രാം പേജാണ് പോസ്റ്റ് പങ്കുവെച്ചത്. ഇന്നും ബോയ്‌സ് എന്ന ചിത്രം തനിക്ക് ട്രോമയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ബോയ്‌സ് Photo: Deepu / X.com

കണ്‍സെന്റ്, മാന്യത എന്നിവയെക്കുറിച്ച് ഒരിടത്തും മെന്‍ഷന്‍ ചെയ്യാത്ത ബോയ്‌സ് ലൈംഗിക അതിക്രമത്തെ വെള്ളപൂശി കാണിക്കുന്നു എന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്നായിരുന്നു റിലീസെങ്കില്‍ ഷങ്കറിനെ എല്ലാവരും എയറിലാക്കിയേനെയെന്നും കമന്റുകളുണ്ട്. റിലീസ് ചെയ്ത സമയത്ത് തന്നെ ചിത്രത്തെ തമിഴ്‌നാട്ടില്‍ പലരും വലിച്ചുകീറിയെന്നും കമന്റില്‍ ചിലര്‍ ഓര്‍മപ്പെടുത്തി.

സിദ്ധാര്‍ത്ഥ്, നകുല്‍, തമന്‍, ജെനീലിയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. അന്നത്തെ കാലത്ത് ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ചിത്രം കഷ്ടിച്ച് ബോക്‌സ് ഓഫീസില്‍ രക്ഷപ്പെടുകയായിരുന്നു. റിലീസ് ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്‌സിനെ വീണ്ടും സോഷ്യല്‍ മീഡിയ വലിച്ചുകീറുകയാണ്.

Content Highlight: Shankar’s Boys movie getting criticisms after 23 years

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more