| Tuesday, 29th July 2025, 8:41 pm

ആ കുട്ടി വന്ന് ഫോട്ടോ എടുക്കുമെന്ന് പ്രതീക്ഷിച്ചു; എന്നാല്‍ നടന്നത് മറ്റൊന്ന്: ശങ്കര്‍ ഇന്ദുചൂഢന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേര് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ച നടനെ ആരും മറന്നിട്ടുണ്ടാകില്ല. മൈക്കിള്‍ എന്ന കഥാപാത്രത്തിനെ ശങ്കര്‍ ഇന്ദുചൂഢന്‍ എന്ന നടന്‍ വളരെ മനോഹരമായിട്ടാണ് സിനിമയില്‍ അവതരിപ്പിച്ചത്. 2017ല്‍ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചത്.

ഇപ്പോള്‍ നേരിലെ മെക്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എത്രത്തോളം ശ്രമകരമായിരുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ശങ്കര്‍.

‘ഡയറക്ടേഴ്‌സ് ആക്ടര്‍ ആണ് ഞാന്‍. സംവിധായകന്‍ നിര്‍ദേശിക്കുന്ന പ്രകാരം അഭിനയിക്കുക. അവര്‍ ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതുപോലെ സ്‌ക്രീനില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കാറ്. പല സിനിമകളിലായി ചെയ്യുന്ന കഥാപാത്രങ്ങള്‍ തമ്മില്‍ സാമ്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

കഥാപാത്രത്തെക്കുറിച്ചും അത് എങ്ങനെ അവതരിപ്പിക്കണമെന്നും ജീത്തു ജോസഫ് വ്യക്തമാക്കിതന്നുവെന്നും ഓരോ സീന്‍ വരുമ്പോഴും അതില്‍ ഇങ്ങനെ അവതരിപ്പിക്കാമല്ലേ എന്ന് അദ്ദേഹത്തോട് താന്‍ ചോദിച്ചു നോക്കുമായിരുന്നുവെന്നും നടന്‍ പറയുന്നു. ശരിയാണെങ്കില്‍ അതുപോലെ ചെയ്യാനും അല്ലെങ്കില്‍ വരുത്തേണ്ട മാറ്റങ്ങളും പറഞ്ഞുതരുമെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമ കണ്ട ശേഷം വന്ന പ്രതികരണങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമുണ്ട്. ഒരു അനുഭവം പറയാം. സിനിമ റിലീസ് ആയി കുറച്ച് ദിവസങ്ങള്‍ക്കുശേഷം തൃശൂര്‍ ശോഭാ സിറ്റി മാളിലേക്ക് പോയിരുന്നു. അവിടത്തെ ഫുഡ് കോര്‍ട്ടിലേക്ക് നടന്നുവരുമ്പോള്‍ ഒരു ടേബിളില്‍ ഒരമ്മയും രണ്ട് കുട്ടികളും ഇരിക്കുകയാണ്. ചെറിയ കുട്ടിക്ക് അമ്മ ഭക്ഷണം കൊടുക്കുന്നു.

മൂത്ത കുട്ടി എന്നെ കണ്ടപ്പോള്‍ അമ്മയ്ക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. ആ കുട്ടി വന്ന് ഫോട്ടോ എടുക്കും എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. അവര്‍ക്കരികിലേക്ക് ഞാന്‍ എത്തിയപ്പോള്‍ അമ്മ ചെറിയ കുട്ടിയോടായി, മര്യാദയ്ക്ക് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഈ ചേട്ടന് നിന്നെ പിടിച്ചുകൊടുക്കും എന്നുപറഞ്ഞ് ഭക്ഷണം കൊടുത്തു അത് തീരേ പ്രതീക്ഷിച്ചില്ല,’ശങ്കര്‍ പറഞ്ഞു.

Content Highlight: Shankar  responding to the question of how difficult it was to play the character of Michle Neru 

We use cookies to give you the best possible experience. Learn more