മുംബൈ: മഹാരാഷ്ട്രയിലെ ശനിവാര്‍ വാഡയില്‍ മുസ്‌ലിം സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പതിത് പവന്‍ സംഘടന, ഹിന്ദു സകല്‍ സമാജ് തുടങ്ങിയ സംഘടനകളാണ് ശനിവാറില്‍ നിസ്‌കരിച്ച സ്ത്രീകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്.
നിസ്‌കാര വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ശനിവാറിലെത്തിയ ഹിന്ദുത്വര്‍ ഗോമൂത്രം തളിച്ചും പ്രാര്‍ത്ഥന നടത്തിയും പ്രതിഷേധിച്ചു. ഇന്നലെ (ഞായര്‍) ആണ് സംഭവം.
ബി.ജെ.പി എം.പി മേധ കുല്‍ക്കര്‍ണിയും പ്രതിഷേധവുമായി രംഗത്തെത്തി. മുസ്‌ലിങ്ങള്‍ നമസ്‌കാരം നടത്തിയ ശനിവാര്‍ ശിവനെ ആരാധിച്ച് ശുദ്ധീകരിക്കണമെന്ന് കുല്‍ക്കര്‍ണി പറഞ്ഞു.
മറാത്ത സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ ശനിവാര്‍ വാഡയില്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ വളരെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ബി.ജെ.പി എം.പി എക്സില്‍ കുറിച്ചു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഹിന്ദുക്കള്‍ ഒന്നിച്ചുനില്‍ക്കണമെന്നും കുല്‍ക്കര്‍ണി ആഹ്വാനം ചെയ്തു. ഹിന്ദു സംസ്‌കാരം, ഹിന്ദു പാരമ്പര്യം, ഹിന്ദുമതത്തിന്റെ മഹത്തായ ചരിത്രം എന്നിവ ആഘോഷിക്കപ്പെടേണ്ടതാണെന്നും മേധ കുല്‍ക്കര്‍ണി പറഞ്ഞു.
എന്നാല്‍ ഹിന്ദുത്വ സംഘടനകളോടൊപ്പം ചേര്‍ന്നുള്ള ബി.ജെ.പി എം.പിയുടെ പ്രതിഷേധത്തിന് പിന്നില്‍ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണെന്ന് വിമര്‍ശനമുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് കുല്‍ക്കര്‍ണി നടത്തുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
പ്രസ്തുത വിഷയത്തില്‍ പ്രതികരിച്ച ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ക്രൂഷികേഷ് റാവാലെ, ശനിവാര്‍ വാഡ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യുടെ കീഴിലാണെന്ന് വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ എ.എസ്.ഐയുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ശിവജിയുടെ പിന്മുറക്കാരനായ ചക്രവര്‍ത്തി ഷാഹു മഹാരാജാവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു ഒന്നാമന്‍ പണികഴിപ്പിച്ച കോട്ടയാണ് ശനിവാര്‍ വാഡ. ശന്‍വാര്‍വാഡ എന്നും ഇത് അറിയപ്പെടുന്നു.
1732ല്‍ നിര്‍മിച്ച ഈ കോട്ട 1818ല്‍ വരെ പെഷ്വാസിന്റെ ആസ്ഥാനമായിരുന്നു. പിന്നീട് 1828ല്‍ ഉണ്ടായ ഒരു തീപിടുത്തത്തില്‍ കോട്ടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിലവില്‍ കോട്ടയുടെ ഏതാനും ഭാഗങ്ങളാണ് അവശേഷിക്കുന്നത്.
Content Highlight: Shaniwar Wada muslim namz video goes viral; Hindutva demand action