| Friday, 21st April 2017, 12:41 pm

പുലിമുരുകനെതിരായി നിലപാടെടുത്തിന്റെ പേരില്‍ തനിക്കെതിരെ നടന്നത് സംഘടിതമായ ആക്രമണം; ഷാനി പ്രഭാകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുലിമുരുകന്‍ എന്ന ചിത്രത്തിനെതിരായി പറയാതെ വയ്യ” എന്ന പരിപാടിയില്‍ നിലപാട് സ്വീകരിച്ചതിന്റെ പേരിലുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകര്‍.

എഡിറ്റര്‍മാരില്ലാത്ത മാദ്ധ്യമലോകം എന്ന സെമിനാറില്‍ സംസാരിക്കവേയാണ് ഷാനി സത്യസന്ധമായ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

“പുലിമുരുകന്‍ എന്ന സിനിമ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതിന്റെ പിറ്റേ ആഴ്ച “പറയാതെ വയ്യ” ആ വിഷയം എടുത്തു. ആ വിഷയം എടുത്തത് പുലിമുരുകനെ അഭിനന്ദിച്ച് കൊണ്ടായിരുന്നില്ല. കാരണം “പറയാതെ വയ്യ” അഭിനന്ദിക്കാനുള്ള പ്രോഗ്രാമല്ല. അല്ലെങ്കിലും ആ സിനിമ അഭിനന്ദിക്കപ്പെടേണ്ട സിനിമയാണെന്ന് വിചാരിക്കാത്ത മാധ്യമ പ്രവര്‍ത്തകയാണ് താന്‍.

ഞാനതില്‍ രണ്ട് മൂന്ന് വാചകങ്ങള്‍ എഴുതി വച്ചിരുന്നു നൂറുകോടി ക്ലബിലത്തെുന്ന ചിത്രത്തില്‍ പോലും എന്തിനായിരുന്നു സ്ത്രീ വിരുദ്ധത? ഇത്രമേല്‍ ആളുകളെ സ്വാധീനിക്കന്‍ കഴിയുന്ന ജനകീയ താരത്തിന് പോലും സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും വംശീയത കലര്‍ത്തേണ്ടി വരുന്നത് എന്തിനാണ്?

ഒരു സമുദായത്തിലെ ആളുകളെ വളരെ ടിപ്പിക്കലായി മോശക്കാരായി ചിത്രീകരിക്കുന്നു. ഇത്രയും കാലം പലരും ചെയ്തതാണ് ഇത്. എല്ലാ കള്ളക്കടത്തിന്റെയും പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി അവതരിപ്പിക്കുകയാണ് പുലിമുരുകനും ചെയ്തത്. 100 കോടി തികയ്ക്കാന്‍ പര്യപ്തമായ മറ്റ് ഘടകങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ചെയ്തത്?

ഈ പരിപാടി വൈകീട്ട് എയര്‍ ചെയ്തതിന് പിന്നാലെ ഫോണ്‍വിളികള്‍ വന്നുകൊണ്ടിരുന്നു. പ്രോഗ്രാമുകളുടെ ഉള്ളടക്കത്തിന് മറുപടി പറയേണ്ടി വന്ന ജോണി സാറിനാണ് ഫോണ്‍വിളി വന്നത്. അദ്ദേഹം മറ്റ് തിരക്കുകളില്‍ ആയതിനാല്‍ കോളുകള്‍ എടുത്തിരുന്നില്ല. പുലിമുരുകന്റ നിര്‍മ്മാതാവും മറ്റുള്ളവരുമാണ് വിളിച്ചത്.

പരിപാടി വീണ്ടും സംപ്രേഷണം ചെയ്യുന്നത് തടയുക എന്നതിനായിരുന്നു ഈ ഫോണ്‍വിളികള്‍. ഇതേക്കുറിച്ച് ജോണിസാര്‍ ചോദിച്ചു എന്താണ് പറയാതെ വയ്യയില്‍ സ്വീകരിച്ച നിലപാടെന്ന്. സ്ത്രീവിരുദ്ധതയാണ് വിഷയമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. എവിടെയാണ് സ്ത്രീവിരുദ്ധതയെന്ന ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ ഓരോ രംഗവും വേണമെങ്കില്‍ ബോധ്യപ്പെടുത്താമെന്നും താന്‍ പറയുകയായിരുന്നു.

ഈ വിഷയത്തില്‍ മാര്‍ക്കറ്റിങ് വിഭാഗം മുഴുവന്‍ ഇളകുകയാണ് ഉണ്ടായത്. ഞായറാഴ്ച്ച ആയിട്ടു കൂടി അവധി ക്യാന്‍സല്‍ ചെയ്ത് മാര്‍ക്കറ്റിങ് വിഭാഗക്കാര്‍ എത്തി. സ്ത്രീവിരുദ്ധതയുണ്ടെന്നും സമുദായത്തെ അവഹേളിക്കുന്നതാണെന്നുമുള്ള പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്യണം എന്നതായിരുന്നു അവരുടെ ആവശ്യം.

പരസ്യത്തിന്റെയും വിപണനത്തിന്റെയും സമ്മര്‍ദ്ദങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍, എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ല, എനിക്ക് ബോധ്യമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഉറച്ചു നിന്നു. അങ്ങനെ എഡിറ്റ് ചെയ്ത് പ്രോഗ്രാം സംപ്രേഷണം ചെയ്യേണ്ട എന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചിരുന്നത്.

പിന്നീട് സിനിമ ശരാശരിയിലും താഴെയാണ് എന്ന പരാമര്‍ശം പിന്‍വലിക്കാമോ എന്നായി അവരുടെ ചോദ്യം. ആ അഭിപ്രായം ഒരു പരിധിവരെ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും, സംപ്രേക്ഷണം ചെയ്ത വാര്‍ത്ത അങ്ങനെ പോകട്ടെ എന്ന് പിന്നീട് മനോരമ ന്യൂസ് മാനേജ്‌മെന്റ് തീരുമാനിക്കുകയിരുന്നു. ഈ സംഭവം കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ സംഘടിതമായ ആക്രമണമാണ് നടന്നത്. എന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ വരെ വന്നായിരുന്നു തെറിവിളി.”- ഷാനി പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more