| Thursday, 20th August 2026, 3:45 pm

അഞ്ച് വര്‍ഷം മുമ്പ് ഒരു പടം കിട്ടിയതാ... രണ്ടാം വരവില്‍ തീര്‍ക്കേണ്ടത് ഡൂമിനെ; ഷാങ് ചിയുടെ അവസ്ഥ വല്ലാത്തൊരു അവസ്ഥ തന്നെ

അമര്‍നാഥ് എം.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ ബ്രഹ്‌മാസത്രമെന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സിനിമാപ്രേമികള്‍ ആവേശമാക്കാറുണ്ട്. ബോക്‌സ് ഓഫീസിലെ സകല കളക്ഷന്‍ റെക്കോഡുകളും തൂഫാനാക്കാന്‍ ശേഷിയുള്ള സിനിമ കൂടിയാണ് ഡൂംസ്‌ഡേ.

ഇന്‍ഫിനിറ്റി സാഗയ്ക്ക് ശേഷം മള്‍ട്ടിവേഴ്‌സിന്റെ സാധ്യത പരമാവധി ഉപയോഗിക്കുകയാണ് മാര്‍വല്‍. എക്‌സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍ എന്നിവരെ കൊണ്ടുവന്ന് ഹൈപ്പ് ഉയര്‍ത്താനും മാര്‍വല്‍ ശ്രമിക്കുന്നുണ്ട്. ഡൂംസ്‌ഡേയുടെ പ്രധാന ആകര്‍ഷണവും എക്‌സ് മെന്നിന്റെ തിരിച്ചുവരവാണ്. എല്ലാവരും ഒന്നിക്കുമ്പോള്‍ എതിരെ നില്‍ക്കുന്ന വില്ലന്‍ അതിശക്തനാണെന്ന് ട്രെയ്‌ലറുകള്‍ അടിവരയിടുന്നു.

ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ലോക്കി എന്നിവരെല്ലാം ഉണ്ടെങ്കിലും പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത് മറ്റൊരാളാണ്. എന്‍ഡ് ഗെയിമിന് ശേഷം മാര്‍വലിന്റെ ഭാഗമായ ഷാങ് ചി ഡൂംസ്‌ഡേയിലും സാന്നിധ്യമറിയിക്കുന്നുണ്ട്. ഒരൊറ്റ സിനിമ കൊണ്ട് മാര്‍വല്‍ ഫാന്‍സിന്റെ ഇഷ്ടം പിടിച്ചുപറ്റാനും ഷാങ് ചിയ്ക്ക് സാധിച്ചു. 2021ലാണ് ഷാങ് ചി പ്രേക്ഷകരിലേക്കെത്തിയത്.

ചൈനീസ് കനേഡിയന്‍ നടനായ സിമു ല്യൂ ആണ് ഷാങ് ചിയായി വേഷമിട്ടത്. ആക്ഷന്‍ സീനുകളിലെ ഫ്‌ളെക്‌സിബിലിറ്റിയാണ് സിമുവിന്റെ പ്രത്യേകത. ഷാങ് ചിയ്ക്ക് ശേഷം മാര്‍വലിന്റെ പല സിനിമകളിലും സിമുവിന്റെ സാന്നിധ്യമുണ്ടാകുമെന്ന് റൂമറുകളുണ്ടായിരുന്നെങ്കിലും എല്ലാം വെറുതെയായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഷാങ് ചി മാര്‍വലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ വരുമ്പോള്‍ കാര്യങ്ങള്‍ കോംപ്ലിക്കേറ്റഡാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇത്രയും വലിയ റീ എന്‍ട്രി കിട്ടുമ്പോള്‍ ഡോക്ടര്‍ ഡൂമിനെയാണ് തീര്‍ക്കേണ്ടത് എന്നത് വലിയ ടാസ്‌കാണെന്ന് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നു. ഇതിനെ ആസ്പദമാക്കി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡോക്ടര്‍ ഡൂമിനെക്കണ്ട് അന്തം വിട്ട് നില്‍ക്കുന്ന ഷാങ് ചി എല്ലാവരിലും ചിരിയുണര്‍ത്തുന്നുണ്ട്.

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയിലൂടെ ബോക്‌സ് ഓഫീസിന് സാമ്പിള്‍ വെടിക്കെട്ട് കാണിച്ച മാര്‍വലിന്റെ വിശ്വരൂപം ഡൂംസ്‌ഡേയിലൂടെ കാണാനാകുമെന്നാണ് പ്രതീക്ഷ. 1.5 ബില്യണ്‍ ഓപ്പണിങ്ങാണ് ചിത്രം പ്രതീക്ഷിക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ മൂന്ന് ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ സിനിമയായി ഡൂംസ്‌ഡേ മാറുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Shang Chi’s re entry in Avengers Doomsday getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more