| Sunday, 27th May 2018, 10:36 pm

ഹൈ വാള്‍ട്ടില്‍ വാട്‌സണ്‍; 51 പന്തില്‍ സെഞ്ചുറി തികച്ച് വാങ്കഡെയില്‍ വാട്‌സന്റെ പടയോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ കത്തിക്കയറി വാട്‌സണ്‍. 51 പന്തില്‍ നിന്ന് 8 സിക്‌സും 7 ഫോറുമായാണ് വാട്‌സണ്‍ സെഞ്ച്വുറി തികച്ചത്. 179 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് വാട്‌സണും റൈനയും ചേര്‍ന്ന് നല്‍കിയ്ത. ഹൈദരാബാദ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു കയറ്റിയാണ് ചെന്നൈ മുന്നേറിയത്.

ഐ.പി.എല്‍ കലാശപ്പോരില്‍ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് ജയിക്കാന്‍ 179 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നാലാമതായിറങ്ങിയ യൂസഫ് പത്താന്റെയും ബ്രാത്‌വൈറ്റിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദിന് രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. അഞ്ചു റണ്‍സെടുത്ത ഗോസ്വാമിയെയാണ് കിരണ്‍ ശര്‍മ്മ റണ്‍ഔട്ടിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് 9-ാം ഓവറില്‍ 26 റണ്ണെടുത്ത ശിഖര്‍ ധവാനും പുറത്താവുകയായിരുന്നു. രവീന്ദ്ര ജഡേജ സ്റ്റംബ് തെറിപ്പിച്ചായിരുന്നു ധവാനെ പറഞ്ഞയച്ചത്. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ 36 പന്തില്‍ 47 റണ്‍ എടുത്തു. 15 പന്തില്‍ 26 റണ്‍ എടുത്ത ശാക്കിബുല്‍ ഹസനും വില്ല്യംസണ്‍ മികച്ച പിന്തുണ നല്‍കി.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോനി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു സീസിണിലെ വിലക്കില്‍ നിന്നു തിരിച്ചുവന്ന ചെന്നൈയ്ക്ക് തങ്ങളുടെ രണ്ടാം വരവ് അറിയിക്കാന്‍ ഒരു ജയം കൂടിയേ തീരൂ. മൂന്നാം കിരീടമാണ് അവര്‍ തേടുന്നത്. ഇന്നു ജയിച്ചാല്‍ മൂന്ന് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തും അവര്‍.

സണ്‍റൈസേഴ്സ് തേടുന്നത് രണ്ടാം കിരീടമാണ്. 2016ലായിരുന്നു അവര്‍ ജേതാക്കളായത്. എന്നാല്‍, കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Latest Stories

We use cookies to give you the best possible experience. Learn more