| Monday, 16th April 2018, 4:41 pm

അടുത്ത സൂപ്പര്‍സ്റ്റാര്‍ സഞ്ജു സാംസണാണ്; മലയാളിത്താരത്തെ പുകഴ്ത്തി സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി കേരളത്തെ അടയാളപ്പെടുത്തുന്നത് മലയാളിത്താരം സഞ്ജു സാംസണ്‍ എന്ന യുവപ്രതിഭയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു കഴിഞ്ഞ നാലുവര്‍ഷമായി ദേശീയ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ഇതുവരെയും ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ താരത്തിനു കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഓരോ ഐ.പി.എല്‍ സീസണ്‍ കഴിയുമ്പോഴും സഞ്ജു ദേശീയ ടീമില്‍ സ്ഥിര സാന്നിധ്യമാകുമെന്ന് കരുതുന്നവര്‍ ഏറെയാണെങ്കിലും ഇതുവരെയും നിരാശ മാത്രമായിരുന്നു ഫലം. ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ പുറത്തെടുത്ത പ്രകടനമാണ്.


Also Read:  എത്ര മാത്രം കൂളായാണ് ധോണി കളിക്കുന്നത്; തോറ്റതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഇമ്രാന്‍ താഹിര്‍ (വീഡിയോ കാണാം)


45 പന്തില്‍ നിന്നു പുറത്താകാതെ 92 റണ്‍സായിരുന്നു സഞ്ജു ഇന്നലെ നേടിയിരുന്നത്. രണ്ട് ബൗണ്ടറികളും പത്ത് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. അതോടെ ഐ.പി.എലിലെ ഏറ്റവുമധികം സിക്സുകളടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി സഞ്ജു സാംസണ്‍. കൊല്‍ക്കത്തയുടെ കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സലാണ് 13 സിക്സുകളുമായി പട്ടികയില്‍ മുന്നില്‍

മത്സരത്തിനു പിന്നാലെ കേരള താരത്തെ പ്രശംസിച്ച രംഗത്തെത്തിയ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനും ഓസീസ് ഇതിഹാസ താരവുമായ ഷെയ്ന്‍ വോണ്‍ സഞ്ജുവിനെ അടുത്ത സൂപ്പര്‍ സ്റ്റാറെന്നാണ് വിശേഷിപ്പിച്ചത്. “സഞ്ജു സാംസണ്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഇയാളായിരിക്കും. അവനെന്ത് ചെയ്യാന്‍ കഴിയുമെന്ന് ഈ ദിവസം തെളിയിച്ചിരിക്കുന്നു” വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more