| Sunday, 7th June 2026, 2:09 pm

നസ്‌ലെന്‍, സന്ദീപ്, ഹാഷിര്‍, ഒരാളുടെ പേര് മാത്രമായി പറഞ്ഞാല്‍ ഞാന്‍ തീര്‍ന്നു; അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ഷെയ്ന്‍ നിഗം

അശ്വിന്‍ രാജേന്ദ്രന്‍

2010ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ഷെയ്ന്‍ നിഗം. പിന്നീട് പറവ, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ് തുടങ്ങിയ ചിത്രങ്ങളിലൂടെ മോളിവുഡില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ ഷെയ്ന്‍ ഇന്ന് മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളിലൊരാളാണ്. നായകനടനായും സഹനടനായും തിളങ്ങുന്ന താരത്തിന്റതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദൃഢം.

ഷെയ്ന്‍ നിഗം. Photo: The News Minute

ചിത്രവുമായി ബന്ധപ്പെട്ട് ദി ആര്‍.ജെ മൈക്ക് ഷോ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സന്ദീപ് പ്രദീപ്, നസ്‌ലെന്‍, ഹാഷിര്‍ തുടങ്ങിയവരെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മൂന്ന് പേരില്‍ റൈബാന്‍ വെച്ച് ലാലേട്ടനെ പോലെ മുണ്ട് മടക്കി കുത്തിയാല്‍ ആരാണ് ബെസ്റ്റ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘പടച്ചോനെ, അതിന് മറുപടി പറഞ്ഞാല്‍ വലിയ പ്രശ്‌നമാകും. കാരണം ഇവര്‍ക്കെല്ലാം ഒരുപാട് ഫോളോവേഴ്‌സുണ്ട്. ഇതില്‍ ആരുടെയെങ്കിലും പേര് ഞാന്‍ പറഞ്ഞെന്ന് വിചാരിച്ചോ, എന്റെ കാര്യം തീര്‍ന്നു. പിന്നെ ഇവന്മാര്‍ ഭയങ്കര ഉപദ്രവമായിരിക്കും. ഈ ചോദ്യത്തിനെ നമ്മള്‍ ഏത് രീതിയിലാണ് കാണുന്നതെന്നുള്ള പോലെയിരിക്കും. ഇപ്പോള്‍ കുറച്ച് ഫണ്‍ ആയിട്ടുള്ള രീതിയിലുള്ള മാസ് പരിപാടി ആണെന്നുണ്ടെങ്കില്‍ എനിക്ക് തോന്നുന്നത് ഹാഷിറിന് കൈയടി വീഴും.

ഷെയ്ന്‍ നിഗം. Photo: The Hindu

കൈയടി മൂന്ന് പേര്‍ക്കും വീഴും. ഞാന്‍ പറയുന്നത് അന്നത്തെ സെഗ്മെന്റ് എന്ന് പറയുന്നത് വേറെ ഒരു രീതിയിലുള്ള മാസ് ആണല്ലോ. ആ മാസ് ഇപ്പോഴില്ല എന്നതാണ് സത്യം. നമ്മുടെ കാലഘട്ടം മാറി. ആ മാസുമായി ഇനി വന്നിട്ട് അത് വര്‍ക്കാകുമെന്ന് എനിക്ക് തോന്നുന്നില്ല. മാസിന്റെ ഡെഫിനിഷന്‍ മാറി. റിലേറ്റബിള്‍ മാസാണ് ആള്‍ക്കാര്‍ക്ക് അല്പം കൂടെ ഇഷ്ടം. ലാര്‍ജര്‍ ദാന്‍ ഫിഗര്‍ എന്ന സംഭവം നമ്മളെല്ലാം ചെയ്താല്‍ ശരിയാകില്ല,’ ഷെയ്ന്‍ നിഗം പറഞ്ഞു.

Content Highlight: Shane nigam talks about young actors Hashir, Sandeep Pradeep, and Naslen

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more