| Sunday, 19th April 2026, 10:29 pm

19ാം വയസില്‍ നായകവേഷം 23 ല്‍ ബാന്‍, കമ്മിറ്റ് ചെയ്തവര്‍ മുതലെടുത്തു: ഷെയ്ന്‍ നിഗം

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രത്യേക ഇഷ്ടമുള്ള അഭിനേതാവാണ് ഷെയ്ന്‍ നിഗം. 2010 ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. കുമ്പളങ്ങി നൈറ്റ്‌സ്, പറവ, ആര്‍.ഡി.എക്‌സ്. തുടങ്ങി താരം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം ഒട്ടേറെ പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്.

എന്നാല്‍ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതോടൊപ്പം തന്നെ സിനിമാ മേഖലയില്‍ പൊട്ടിപുറപ്പെട്ട ഒട്ടേറെ വിവാദങ്ങളിലും ഷെയ്ന്‍ ഭാഗമായിരുന്നു. പണം വാങ്ങിയ ശേഷം ഷൂട്ടിന് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് ഷെയ്‌നിനെയും നടന്‍ ശ്രീനാഥ് ഭാസിയെയും സിനിമയില്‍ നിന്നും ആജീവനാന്തം വിലക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനമെടുത്തതടക്കം ഒട്ടേറെ വിവാദങ്ങളില്‍ താരം ഭാഗമായിരുന്നു.

ഷെയ്ന്‍ നിഗം. Photo: The Hindu

ഇപ്പോഴിതാ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ദൃഢവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

‘ആറാം ക്ലാസില്‍ തുടങ്ങിയ റിയാലിറ്റി ഷോയടക്കം ഇന്നത്തെ യാത്രയുടെ ഭാഗമാണ്. സീരിയല്‍ കണ്ടിട്ട് സൗബിനിക്ക അന്‍വറിലേക്ക് വിളിക്കുന്നതും പിന്നീട് അന്നയും റസൂലിലേക്ക് വിളിച്ചതുമെല്ലാം ഇന്റര്‍ കണ്ക്ടഡാണ്. പക്ഷേ ഇവിടെ വന്നതിന് ശേഷം മറ്റൊരു ലോകമാണിത്. ഞാന്‍ ജീവിച്ചിരുന്ന സാഹചര്യങ്ങളോ ചുറ്റുപാടോ ഒന്നും അല്ല. ഒരുപാട് കാര്യങ്ങളുണ്ടായി. ആ ഒരു പ്രായത്തില്‍ പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അറിയാത്തതും സിനിമയിലെ പവര്‍ പൊളിറ്റിക്‌സോ അല്ലെങ്കില്‍ എന്തുകൊണ്ട് ചില ആളുകള്‍ ഇങ്ങനെ പെരുമാറുന്നു എന്ന് മനസിലാക്കാന്‍ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ നമ്മള്‍ എല്ലാ കാര്യത്തിലും കൂടുതല്‍ കമ്മിറ്റ് ചെയ്യുകയും അവര്‍ നമ്മളെ മുതലെടുക്കുകയും ഒരു പോയിന്റില്‍ പൊട്ടി തെറിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പറയാതിരിക്കാന്‍ പറ്റാത്ത കാര്യം അതിന്റെ ഒരു വശത്ത് ജനങ്ങളുടെ സ്‌നേഹം എനിക്കുണ്ടായിരുന്നു. പത്തൊമ്പതാമത്തെ വയസിലാണ് ഞാന്‍ നായകവേഷം ചെയ്ത് തുടങ്ങുന്നത്. അപ്പോള്‍ ഇരുപത്തിമൂന്നാമത്തെ വയസില്‍ ബാന്‍ കിട്ടുക എന്ന് പറഞ്ഞാല്‍ വേറെ ലെവലാണ്.

ദൃഢം. Photo: E4 Entertainment

നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ദൃഢം മെയ് 8നാണ് തിയേറ്ററുകളിലെത്തുന്നത്. ഷെയ്ന്‍ നിഗം കൊറോണ പേപ്പേഴ്‌സിനും വേലയ്ക്കും ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Content Highlight: Shane Nigam Talks about situation he faced in his early career

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more