| Thursday, 14th May 2026, 4:13 pm

സിനിമ ഹിറ്റ് ആകണമെങ്കിൽ ഇൻഫ്ലുവൻസർമാർ പറയണം, മോശം സിനിമയെ രക്ഷിക്കാൻ പി.ആറിന് കഴിയില്ല: ഷെയ്ൻ നിഗം

കെ.എസ് ഷാബിന

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവനടൻ ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘ദൃഢം’. മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘കൊറോണ പേപ്പേഴ്സ്’, ‘വേല’ എന്നീ സിനിമകൾക്ക് ശേഷം ഷെയ്ൻ അഭിനയിക്കുന്ന പൊലീസ് കഥാപാത്രം കൂടിയാണിത്.

സിനിമയുടെ വിജയത്തിൽ പ്രൊമോഷനുള്ള പ്രാധാന്യത്തെക്കുറിച്ച് ഷെയ്ൻ നിഗം തുറന്നു പറയുന്നു. മാറിയ കാലഘട്ടത്തിൽ ഇൻഫ്ലുവൻസർമാരുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം ഒഴിവാക്കാനാവില്ലെന്നാണ് റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്.

ദൃഢം.Photo: Imdb,Instagram

‘ പണ്ട് പോസ്റ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അന്ന് സിനിമകൾ വായ്മൊഴിയായി പ്രചരിക്കാൻ സമയമുണ്ടായിരുന്നു. എന്നാൽ ഇന്ന് റിലീസ് ആകുന്ന ആദ്യത്തെ മൂന്ന് ദിവസങ്ങൾ (വെള്ളി, ശനി, ഞായർ) നിർണ്ണായകമാണ്. ഈ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നത് പോലെ ഉച്ചത്തിൽ സിനിമയുടെ വരവ് അറിയിക്കണം.

പണ്ട് പോസ്റ്റർ ഒട്ടിക്കുന്നത് പോലെ തന്നെ ഇന്ന് പ്രധാനമാണ് സോഷ്യൽ മീഡിയ ബ്രാൻഡിങ് . ഇൻഫ്ലുവൻസർമാർ സിനിമ കാണുന്ന വീഡിയോകൾ ഇടുന്നതും റിവ്യൂകൾ വരുന്നതും ആളുകളെ തിയേറ്ററിലേക്ക് ആകർഷിക്കാൻ സഹായിക്കും. ഒരു ട്രെൻഡിന്റെ ഭാഗമാകാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പി.ആർ വർക്കുകൾ അത്യാവശ്യമാണ്.

നല്ലൊരു സിനിമയെ വലിയ വിജയത്തിലേക്ക് എത്തിക്കാൻ പി.ആർ ടീമിന് സാധിക്കും. എന്നാൽ ഒരു മോശം സിനിമയെ പി. ആർ കൊണ്ട് മാത്രം രക്ഷിക്കാൻ കഴിയില്ല എന്നത് പരസ്യമായ രഹസ്യമാണ്. ബുക്ക് മൈ ഷോ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ റേറ്റിങ് നോക്കി സിനിമ കാണാൻ തീരുമാനിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ ഇന്നുണ്ട്’.  കൃത്യമായ പ്രൊമോഷൻ നൽകാതെ തിയേറ്ററിൽ ആളില്ലെന്ന് പരാതിപ്പെടുന്നതിൽ അർത്ഥമില്ലെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

ദൃഢം. Photo:Cinema Express

ഏറെ ആഗ്രഹത്തോടെ പൊലീസ് ട്രെയിനിങ് പൂർത്തിയാക്കി നാട്ടിൻപുറത്തെ ഒരു സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി ചുമതലയേൽക്കുന്ന വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ ഇതിൽ അവതരിപ്പിക്കുന്നത്. ഒരു തുടക്കക്കാരനായ ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാതലം. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് .

പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തിൽ ‘പ്രൊട്ടക്ട്, സേർവ്, സർവൈവ്’ എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന ദൃഢം ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് പ്രേക്ഷർക്കായി അവതരിപ്പിക്കുന്നത്.

മികച്ചൊരു പ്രമേയവും ഷെയ്ൻ നിഗത്തിന്റെ കരുത്തുറ്റ പ്രകടനവും ഒത്തുചേരുന്ന ‘ദൃഢം’ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ നല്ല പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം തിയേറ്ററുകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Content Highlight: Shane Nigam talks about movie promotion through online media

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more