| Tuesday, 30th September 2025, 3:16 pm

ഏറ്റവും ബുദ്ധിമുട്ടിയ സീന്‍; ഫസ്റ്റ് ടേക്കില്‍ റെഡിയായതിന്റെ ക്രെഡിറ്റ് സൗബിക്കയ്ക്കാണ്: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പറവയില്‍ ഇമ്രാന്റെ മരണ ശേഷം വീട്ടില്‍ ഇരിക്കുന്ന സീനാണ് കരിയറിലെ ബുദ്ധിമുട്ടായി തോന്നിയ രംഗമെന്ന് ഷെയ്ന്‍ നിഗം. തന്റെ ഏറ്റവും പുതിയ സിനിമയായ ബള്‍ട്ടിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയ്ത സീനുകളില്‍ ഇമോഷണലി ഏറ്റവും ഡിഫിക്കള്‍ട്ടായി തോന്നിയ സീന് ഏതാണെന്ന ചോദ്യത്തിന് പറവയില്‍ ദുല്‍ഖറിന്റെ കഥപാത്രം മരിച്ചിട്ട് വീട്ടില്‍ നിന്നെടുത്ത സീനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ആ സീന് എങ്ങനെ  ചെയ്യണമെന്ന് സൗബിക്ക പറഞ്ഞ് തന്നിരുന്നില്ല, അതുകൊണ്ടാണ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നത്. സാധരണ നമ്മള്‍ക്ക് എന്തെങ്കിലും ഡയലോഗ് തരികയും പിന്നെ നമ്മള്‍ അത് ഇമോഷണലി പറയുകയുമാണ് ചെയ്യുക. ഇവിടെ എങ്ങനെ ചെയ്യണെന്ന് വ്യക്തമായി പറഞ്ഞ് തന്നിട്ടില്ല.

എന്തെങ്കിലും  ചെയ്‌തോളാനാണ് പറഞ്ഞത്. പെട്ടല്ലോ എന്ന് വിചാരിച്ചു. ആ സീന്‍ എങ്ങനെ അവതരിപ്പിക്കണമെന്നൊരു ആശയകുഴപ്പം ഉണ്ടായിരുന്നു. പക്ഷേ ആദ്യത്തെ ടേക്ക് തന്നെ റെഡിയായി. ഒറ്റ ടേക്കില്‍ തന്നെ ആ സീന്‍ ഒക്കെയായിരുന്നു. ആ സീന്‍ എനിക്കിപ്പോഴും സ്‌പെഷ്യലാണ്. തീര്‍ച്ചയായും അതിന്റെ ക്രഡിറ്റ് സൗബിക്കയ്ക്കാണ്,’ ഷെയന്‍ നിഗം പറയുന്നു.

സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ 2017ലാണ് പറവ തീയേറ്ററുകളിലെത്തിയത്. സൗബിന്റെ ആദ്യ സംവിധാന സംരഭമായിരുന്ന ഈ സിനിമ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. സിനിമയില്‍ ഷെയ്ന്‍ നിഗം ദുല്‍ഖര്‍ സല്‍മാന്‍,അമല്‍ ഷാ, ഗോവിന്ദ് വി, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു.

അതേ സമയം ഷെയ്ന്‍ നിഗം നായകനായെത്തിയ ബള്‍ട്ടി തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സന്തോഷ് ടി.കുരവിളയാണ്.

Content highlight: Shane Nigam says the scene after Imran’s death in Parava was the most difficult scene of his career

We use cookies to give you the best possible experience. Learn more