മലയാളിക്ക് സുപരിചിതനായ നടനാണ് ഷെയ്ന്‍ നിഗം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നു. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ ഷെയ്ന്‍ പിന്നീട് നായക വേഷങ്ങളിലും ഞെട്ടിച്ചു.
ഇപ്പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിച്ച ഭൂതകാലം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍.
‘ ആ സിനിമയും കഥാപാത്രവും എവിടെയൊക്കെയോ നമ്മളെ ബാധിക്കും. ഒരു ഡാര്‍ക്ക്‌നെസ് ഇങ്ങനെ ഉള്ളില്‍ കിടക്കും, അത് അത്ര നല്ലതല്ല. ഇടക്കൊക്കെ ആണെങ്കില്‍ കുഴപ്പമില്ല. സിനിമ കഴിഞ്ഞിട്ടും എനിക്ക് ചെറിയ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സിനിമ ചെയ്തതിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ രാത്രി പുറത്തേക്ക് പോകാനുള്ള ഭയമൊക്കെ പോയി. പണ്ടൊക്കെ രാത്രി എവിടെയെങ്കിലും പോകാന്‍ ലൈറ്റ് ഒന്നും ഇല്ലെങ്കില്‍ പേടി ഉണ്ടാകും. അതൊക്കെ കുറെ മാറി. ഇരുട്ടത്ത് അഭിനയിച്ച് അഭിനയിച്ച് ഭയമൊക്കെ പോയി.
ഭയങ്കര ഇന്റ്ന്‍സാണ് ഈ പ്രോസസ്. നമ്മള്‍ കുറെ നമ്മള്‍ കൊടുക്കേണ്ടി വരും. അതിനകത്തേക്ക് നമ്മള്‍ ഇറങ്ങി ചെല്ലേണ്ടി വരും. ഒരു ഭ്രാന്തമായ അവസ്ഥയിലേക്കൊക്കെ പോകേണ്ടി വരും. അതുകൊണ്ട് അങ്ങനെയുള്ള സിനിമ ഇനി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്,’ ഷെയ്ന്‍ പറഞ്ഞു.
ഭൂതകാലം
രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ ഒ.ടി.ടി റിലീസായി പുറത്ത് വന്ന ചിത്രമാണ് ഭൂതകാലം. ഷെയ്ന്‍ നിഗവും രേവതിയും പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സിനിമയിലെ പ്രകടനത്തിന് രേവതിക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
Content Highlight: Shane Nigam says that he has been affected by his Bhoothakalam