| Monday, 29th September 2025, 9:49 pm

അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ലേബല്‍ ചെയ്യപ്പെടുമെന്ന് പേടിയില്ല, ഫലസ്തീനെക്കുറിച്ച് പറഞ്ഞത് മനസില്‍ തട്ടിയാണ്: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജീവ് രവി മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് ഷെയ്ന്‍ നിഗം. അന്തരിച്ച നടന്‍ അബിയുടെ മകനെന്ന നിലയില്‍ സിനിമയിലേക്കെത്തിയ ഷെയ്ന്‍ വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. മികച്ച നടനെന്ന പേര് സ്വന്തമാക്കിയപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ഷെയ്ന്‍ സൈബര്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു.

ഗസയിലെ വംശഹത്യക്കെതിരെ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞവര്‍ഷം സമൂഹമാധ്യമങ്ങളില്‍ ഷെയന്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ ഷെയ്‌നിന്റെ മതത്തെ മുന്‍നിര്‍ത്തി വലതുപക്ഷ അനുകൂലികളായ പേജുകള്‍ സൈബര്‍ ആക്രമണം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അഭിപ്രായം പറഞ്ഞാല്‍ ലേബല്‍ ചെയ്യപ്പെടുമെന്ന പേടി തനിക്കില്ലെന്ന് പറയുകയാണ് ഷെയ്ന്‍ നിഗം.

‘ആരെങ്കിലും എനിക്ക് ലേബല്‍ ചാര്‍ത്തിത്തരുമെന്ന പേടിയില്ല. അന്ന് ആ പോസ്റ്റില്‍ പറഞ്ഞത് മനസില്‍ തട്ടി തന്നെയാണ്. എനിക്ക് അങ്ങനെ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. ഓരോ രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസമോ മതങ്ങള്‍ തമ്മിലുള്ള വ്യത്യാസമോ എനിക്കറിയില്ല. നമ്മള്‍ ഒരാളെ സ്‌നേഹിക്കുന്നത് അയാളുടെ ജാതിയോ മതമോ നോക്കിയിട്ടല്ല.

ഒരാളുടെ ഹൃദയത്തിലെ നന്മയാണ് നമ്മളെ അയാളിലേക്ക് ആകര്‍ഷിക്കുന്നത്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ എനിക്ക് ഇതൊന്നും ബാധകമല്ല. ഭൂമിയില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അതിന്റെ പേരില്‍ ഞാനടക്കം പലരും പരസ്പരം അതിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്.

എനിക്ക് ആ വാര്‍ത്ത കണ്ടപ്പോള്‍ സങ്കടം തോന്നി. അതുകൊണ്ടാണ് ഞാന്‍ എന്റെ അഭിപ്രായം പങ്കുവെച്ചത്. അത് ഞാന്‍ പറഞ്ഞെന്ന് മാത്രമേയുള്ളൂ. അതില്‍ കൂടുതല്‍ വലിയ കാര്യങ്ങളൊന്നും എനിക്ക് പറയാനോ ഒന്നുമില്ല. ഇത് ശ്രദ്ധിക്കാതിരിക്കാനാകില്ലല്ലോ. എല്ലായിടത്തും അതിനെപ്പറ്റി സംസാരമില്ലേ. അവിടെ ഇപ്പോഴും യുദ്ധം നടക്കുകയാണല്ലോ. അത് നമുക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല,’ ഷെയ്ന്‍ നിഗം പറയുന്നു.

ഫലസ്തീനെതിരെ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഷെയ്ന്‍ പ്രതികരിച്ചത്. പിന്നാലെ സൈബര്‍ ആക്രമണം നേരിട്ട ഷെയ്ന്‍ പിന്നീട് കഫിയ ധരിച്ച് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്ഷനോടെ സ്‌റ്റോറി പങ്കുവെച്ചതും വാര്‍ത്തയായിരുന്നു. യുദ്ധം സൈനികര്‍ തമ്മിലാണെന്നും അതിലേക്ക് കുട്ടികളെ വലിച്ചിഴക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ഷെയ്ന്‍ പ്രതികരിച്ചത്.

Content Highlight: Shane Nigam saying he still stand with his opinion about Palestine

We use cookies to give you the best possible experience. Learn more