| Saturday, 30th December 2017, 12:49 pm

'പുര കത്തുമ്പോള്‍ ബീഡി കൊളുത്തുന്നു'; അബിയുടെ മരണത്തിന് പിന്നില്‍ വൈദ്യന്റെ ചികിത്സാ പിഴവാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ഷെയ്ന്‍ നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടനും മിമിക്ര താരവുമായിരുന്ന അബിയുടെ മരണവാര്‍ത്ത ഒട്ടും നിനച്ചിരിക്കാതെയാണ് കടന്നു വന്നത്. മരണത്തിന് പിന്നില്‍ ഒരു വൈദ്യന്റെ ചികിത്സയുടെ പിഴവാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അബിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തലായിരുന്നു വിവാദത്തിന് പിന്നില്‍. ഇപ്പോഴിതാ അബിയുടെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മകന്‍ ഷെയ്ന്‍ നിഗം.

തന്റെ പുതിയ ചിത്രമായ ഈട പ്രചരണത്തിനായി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെയ്‌ന്റെ പ്രതികരണം. അബിയുടെ മരണവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ പറയുന്നത് ഇങ്ങനെ.

വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചുനാള്‍ മുമ്പായിരുന്നു അത്. അന്ന് ഒപ്പം ഞാനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാപിഴവാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല.

പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്പോള്‍ അതില്‍നിന്ന് ബീഡി കൊളുത്തുന്നു എന്ന് കേട്ടിട്ടില്ലേ, ചിലരുടെ കുറിപ്പുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. വാപ്പച്ചിയെക്കുറിച്ച് എഴുതിയാല്‍ വായിക്കാനായി ആളുണ്ടാകുമെന്നുള്ളത് കൊണ്ടാകാം അത്തരത്തില്‍ അവര്‍ എഴുതിയത്.

വാപ്പച്ചി മരിക്കുന്ന ദിവസം ചെന്നൈയിലായിരുന്നു ഞാന്‍. പുതുമുഖ സംവിധായകനായ ഡിമല്‍ ഡെന്നീസിന്റെ വലിയപെരുന്നാളാണ് അടുത്ത സിനിമ. അതിന് വേണ്ടിയുള്ള ഒരു ട്രെയ്നിംഗ് പ്രോഗ്രാമിലായിരുന്നു. അന്ന് പകല്‍ എന്നെ വാപ്പച്ചി വിളിച്ചിരുന്നു. ഞാനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് പറഞ്ഞത്. “അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട് എന്തുവേണം” എന്ന് ചോദിച്ചു. വാപ്പച്ചി തീരുമാനിച്ചോളാന്‍ ഞാന്‍ മറുപടിയും പറഞ്ഞു. പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയ്നിംഗിനെ പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍…അരോഗ്യം നോക്കണം…ഭക്ഷണം ശ്രദ്ധിക്കണം അങ്ങനെ ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more