തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തിയ ബള്‍ട്ടി. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചത് സന്തോഷ് ടി. കുരുവിളയാണ്. ഇപ്പോള്‍ ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബള്‍ട്ടിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഷെയ്ന്‍.
‘ഉണ്ണി എന്നോട് കഥ പറയുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് വലിയൊരു പ്രൊഡക്ഷന്‍ ബാക്ക് അപ്പ് ഉണ്ടെങ്കില്‍ ഈ സിനിമ ഉറപ്പായിട്ടും ചെയ്യാമെന്നാണ്. അങ്ങനെയൊരു പ്രൊഡക്ഷനില്ലെങ്കില്‍ നിലവിലുള്ള സാഹചര്യം വെച്ച് ഇത്രയും വലിയൊരു പ്രോജക്റ്റ് ചെയ്യാനും എന്റെ മേല്‍ വലിയൊരു പൈസ ഇന്‍വെസ്റ്റ് ചെയ്യാനും കുറച്ച് പണിയായിരിക്കും. അത് ഞാന്‍ സംവിധായകനോട് ഓപ്പണായി തന്നെ പറഞ്ഞു.
എന്തോ ഒരു അത്ഭുതം പോലെ സന്തോഷ് സാറിനെ ഞങ്ങള്‍ക്ക് കിട്ടി. ഒരേ ഫ്‌ളാറ്റില്‍ അടുത്തടുത്തായിരുന്നു ഞങ്ങള്‍ താമസിച്ചത്. പക്ഷേ ആ സമയത്തൊന്നും ഞാന്‍ സാറിനെ കണ്ടിരുന്നില്ല. പിന്നെ പടത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബെന്നി ചേട്ടന് വിളിച്ച് ഞങ്ങളുടെ അടുത്ത് പറഞ്ഞു സന്തോഷേട്ടന് കഥ കേള്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന്. അപ്പോഴും എനിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു,’ ഷെയ്ന്‍ നിഗം പറയുന്നു.
ബഡ്ജറ്റ് വൃത്തിക്ക് ചെയ്തില്ലെങ്കില്‍ ഇത്തരം സിനിമകള്‍ തിയേറ്ററില്‍ പ്രസന്റബിളാകില്ലെന്നും ചെറിയ അഡ്ജസ്റ്റ്‌മെന്റിലൂടെ കൊമേഴ്ഷ്യല്‍ എന്റര്‍ടെയ്ന്‍മെന്റ് കൊണ്ടുവന്നാല്‍ അത് ഏല്‍ക്കില്ലെന്നും ഷെയ്ന്‍ പറഞ്ഞു. മറ്റ് സിനിമയില്‍ കഥയായിരിക്കാം നായകനെന്നും എന്നാല്‍ ഈ സിനിമയില്‍ പ്രൊഡക്ഷനും കൂടി ഒരു നായക സ്ഥാനം വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ട്രെയ്‌ലറില്‍ കാണുന്നതുപോലെ തന്നെ ക്രൗഡ് സീനുകളൊക്കെ ഉണ്ട്. അതൊന്നും കുറച്ച് പൈസ മുടക്കാതെ നമുക്ക് എടുക്കാന്‍ കഴിയില്ല. സന്തോഷേട്ടനോട് എത്ര നന്ദി പറഞ്ഞലും തീരില്ല,’ ഷെയ്ന്‍ പറയുന്നു.
Content highlight: Shane Nigam about Balti and producer Santosh T. Kuruvila