| Saturday, 26th July 2025, 12:00 pm

കുമ്പളങ്ങി നൈറ്റ്‌സ്; ആ സീന്‍ ഇത്രയും സെലിബ്രേറ്റ് ചെയ്യപ്പെടുമെന്ന് വിചാരിച്ചില്ല: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധു സി. നാരായണന്റെ സംവിധാനത്തില്‍ ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കി 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ആ വര്‍ഷത്തെ ഹിറ്റ് ചിത്രമായിരുന്ന കുമ്പളങ്ങി നൈറ്റ്‌സ് അന്യഭാഷകളില്‍ ശ്രദ്ധിക്കപ്പെടുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്തു. ഭാവനാ സ്റ്റുഡിയോസ് നിര്‍മിച്ച ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.

കുമ്പളങ്ങി നൈറ്റ്‌സില്‍ ഏറെ പ്രശംസകള്‍ വാരികൂട്ടിയ ഒരു സീനാണ് ഷെയ്ന്‍ നിഗത്തിന്റെ കഥാപാത്രമായ ബോബി സഹോദരനോട് പെണ്ണുകാണാനായി കൂടെ വരുമോ എന്ന് ചോദിക്കുന്നത്. ചിത്രത്തിലെ ഈ രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം.

‘ആ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ആദ്യം ഷര്‍ട്ട് ഇട്ടാണ് നിന്നത്. അപ്പോള്‍ ശ്യാം ചേട്ടന്‍ പറഞ്ഞു. ഷര്‍ട്ട് ഇടേണ്ടതില്ല എന്ന്. തേങ്ങയും ശര്‍ക്കരയും കഴിക്കാന്‍ തന്നു. ഞങ്ങള്‍ അതിങ്ങനെ കഴിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ എനിക്കും സൗബിനും ഡയലോഗുകള്‍ തന്നിട്ട് ഇതൊന്ന് പറഞ്ഞു നോക്കാന്‍ ആവശ്യപ്പെട്ടു. ആ ഒരു ഷോട്ട് അപ്പോള്‍ തന്നെ എടുത്തു. അതുകഴിഞ്ഞു,’ ഷെയ്ന്‍ നിഗം പറഞ്ഞു.

സിനിമയുടെ ഷൂട്ട് കഴിയും വരെ ഈ സീനുകളൊന്നും ഇത്രയും ശ്രദ്ധിക്കപ്പെടുമെന്നോ ഇത്രയധികം സെലിബ്രേറ്റ് ചെയ്യപ്പെടുമെന്നോ ഒരിക്കലും ചിന്തിച്ചില്ലെന്നും നടന്‍ പറയുന്നു.

‘ആ സീനിന്റെ കൂടെ അങ്ങോട്ട് പോയി. അവര്‍ പറയുന്നതുപോലെ നിന്ന് കൊടുത്തു. അത് അവര്‍ സെറ്റ് ചെയ്ത വേള്‍ഡിന്റെ പ്രത്യേകതയാണ്. നമ്മള്‍ ഭയങ്കരമായിട്ട് അപ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യമാണ് അത്. അങ്ങനെ ഒരു സിനിമാ സെറ്റില്‍ പിന്നെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് തോന്നുന്നു രാജീവ് സാറിന്റെ സെറ്റ് പിന്നെയും അതിനോട് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. മറ്റുള്ള ഒരു സിനിമ സെറ്റും ഇങ്ങനെയൊന്നും അല്ല,’ ഷെയ്ന്‍ നിഗം പറയുന്നു.

Content Highlight: Shane nigam about a scene from kumbalagi nights

We use cookies to give you the best possible experience. Learn more