| Sunday, 21st June 2026, 9:25 pm

അള്ളാ, ദേവി ഉഗ്രകോപി തന്നെ... വാ തുറന്നാല്‍ കൗണ്ടറിന്റെ പെരുന്നാളുമായി ഷാന്‍ റഹ്‌മാന്‍, അഭിനയത്തില്‍ സ്ഥിരമാക്കിക്കൂടെയെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

അനൗണ്‍സ്‌മെന്റ് മുതല്‍ റിലീസ് വരെ സിനിമയെ ലൈവാക്കി നിര്‍ത്തുകയും അതിനനുസരിച്ച് കളക്ഷന്‍ ലഭിക്കുകയും ചെയ്ത ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രം ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി മാറി. ബോക്‌സ് ഓഫീസില്‍ 60 കോടിയിലേറെയാണ് അതിരടി സ്വന്തമാക്കിയത്.

കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലേതുപോലെ സമ്മിശ്ര പ്രതികരണമാണ് ഒ.ടി.ടിയിലും അതിരടിക്ക് ലഭിക്കുന്നത്. രണ്ട് പേര്‍ തമ്മിലുള്ള ഈഗോ ക്ലാഷും കോളേജ് വൈബുമൊക്കെയായി കളര്‍ഫുള്‍ ചിത്രമാണ് അതിരടി. ബേസിലിന് പുറമെ ടൊവിനോ തോമസും അതിരടിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതിരടി Photo: Theatrical Poster

ബേസിലും ടൊവിനോയുമുണ്ടെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം സിനിമയില്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. രണ്ടാം പകുതിയിലെത്തുന്ന ഷാന്‍ റഹ്‌മാന്‍ സ്വന്തം പേരിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അവാര്‍ഡ് കൊടുക്കാനായി തിരുവനന്തപുരത്തെത്തുന്ന ഷാനിനെ ടൊവിനോ അവതരിപ്പിച്ച തോട്ട കുട്ടന്‍ കിഡ്‌നാപ്പ് ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസനൊപ്പം നിന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഷാനിനെയും കിഡ്‌നാപ്പ് ചെയ്യുകയാണ്. ഇവിടുന്നങ്ങോട്ട് ഷാനിന്റെ വക കൗണ്ടറുകളുടെ പൂരമായിരുന്നു. ടൊവിനോ എന്ത് പറഞ്ഞാലും അതിന് തഗ് മറുപടി നല്‍കിക്കൊണ്ട് സംസാരിക്കുന്ന ഷാനിന്റെ റീലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

ഷാന്‍ റഹ്‌മാന്‍ Photo: Sony LIV

തോട്ട കുട്ടന്റെയടുത്ത് നിന്ന് ബേസില്‍ അവതരിപ്പിച്ച സാം കുട്ടി ഇരുവരെയും രക്ഷപ്പെടുത്തുന്ന സമയത്തും ഷാനാണ് സ്‌കോറിങ്. വായില്‍ തിരുകിയ തുണി എടുക്കുമ്പോള്‍ ‘കോള്‍ 911’ എന്നാണ് ഷാന്‍ പറയുന്നത്. ‘ഇത് അമേരിക്കയല്ലെടാ പൊട്ടാ’ എന്നാണ് വിനീത് ശ്രീനിവാസന്റെ മറുപടി. ഇവിടുന്ന രക്ഷപ്പെട്ട് കാറില്‍ പോകുമ്പോഴും ഷാന് കൗണ്ടറുകള്‍ കൊണ്ട് ആറാടുന്നുണ്ട്.

കാറിലെ പെട്രോള്‍ തീരുന്ന സമയത്ത് ‘അള്ളാ, ദേവി ഉഗ്രകോപി തന്നെ’ എന്ന് പറഞ്ഞ് ചിരിയുണര്‍ത്തുകയാണ്. ജീവനും കൊണ്ട് ഓടുന്ന സീനും പിന്നീട് സ്റ്റേജിലെത്തിയതിന് ശേഷം നല്‍കുന്ന എക്‌സ്പ്രഷനും ഗംഭീരമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് ഷാന്‍ ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

ഷാന്‍ റഹ്‌മാന്‍ Photo: Sony LIV

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ വളരെ ചെറിയ വേഷമായിരുന്നു ഷാനിന്. കാമരാജ് എന്ന കഥാപാത്രം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി. ഇപ്പോഴിതാ അതിരടിയിലും ഷാന്‍ റഹ്‌മാന്‍ എന്ന നടന്‍ ഞെട്ടിക്കുകയാണ്. സംഗീത സംവിധാനത്തിന് പകരം അഭിനയത്തില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Shan Rahman’s Thug replies viral after Athiradi OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more