സംഗീത സംവിധായകനായും ഗായകനായും ശ്രദ്ധേയനായ താരമാണ് ഷാൻ റഹ്മാൻ. ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങി നിരവധി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടി. ഇപ്പോൾ ആനീസ് കിച്ചൺ എന്ന പരിപാടിയിൽ തന്റെ സംഗീത ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഷാൻ റഹ്മാൻ.
ഒരു സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യുമ്പോൾ ഡയറക്ടറുടെ മനസിൽ ആദ്യമേ ഉണ്ടാക്കിവെച്ച കാര്യങ്ങളിലേക്ക് എത്തിപ്പെട്ട് അവരെ കൺവിൻസ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുകയാണ് ഷാൻ റഹ്മാൻ.
ഷാൻ റഹ്മാൻ. Photo. Facebook
‘നമ്മൾ ഒരു സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യുമ്പോൾ ഡയറക്ടറെ കൺവിൻസ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ ചലഞ്ച്. അതിനുവേണ്ടി നമ്മൾ മാക്സിമം കോൺട്രിബ്യൂട്ട് ചെയ്യുക. ഒന്നാമത് അദ്ദേഹത്തിന്റെ മനസിൽ ആദ്യമേ ഒരു പിക്ചർ ഉണ്ടാവും, നമ്മൾ അങ്ങോട്ടേക്ക് എത്തുക എന്നതാണ് അവിടെ ശ്രദ്ധിക്കേണ്ടത്. ചിലപ്പോൾ നമ്മൾ അതിലേക്ക് പകുതി വരെ എത്തും, ചിലപ്പോൾ പൂർണമായും എത്താൻ സാധിച്ചില്ലെന്ന് വരും. അപ്പോൾ ചെറിയ വാക്കുതർക്കങ്ങൾ ഒക്കെ ഉണ്ടാവാം,’ ഷാൻ പറഞ്ഞു.
ചില സംവിധായകർക്ക് പാട്ടിനെക്കുറിച്ചുള്ള ധാരണകൾ കുറവായിരിക്കും. അപ്പോൾ അവർക്ക് നമ്മൾ അങ്ങോട്ട് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടി വരും എന്നും അങ്ങനെ ചില സാഹചര്യങ്ങളിൽ അവരെ ഇംപ്രസ്സ് ചെയ്യാനും സാധിക്കുമെന്നും ഷാൻ കൂട്ടിച്ചേർത്തു.
‘ചില സംവിധായകരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അവർക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടാവില്ല. അവിടെ നമ്മൾ റഫറൻസുകൾ ചോദിച്ച്, കുറെ ഡിസ്കഷനുകൾ ഒക്കെ കഴിഞ്ഞിട്ടാണ് എന്താണ് ഇദ്ദേഹത്തിന്റെ മനസിൽ ഉള്ളതെന്ന് മനസിലാക്കാൻ നോക്കുന്നത്. ചില സമയത്ത് പുള്ളി വിചാരിച്ചതിനേക്കാൾ നല്ല സാധനങ്ങളൊക്കെ കൊടുത്ത് അവരെ സർപ്രൈസ് ചെയ്യിപ്പിക്കാനും പറ്റും’ ഷാൻ പറഞ്ഞു.
കഷ്ടപ്പെട്ട് സമയമെടുത്ത് ചെയ്യുന്ന വർക്കുകൾ സംവിധായകർക്ക് അയച്ചു കൊടുക്കുമ്പോൾ, ചില സാഹചര്യങ്ങളിൽ വെറുതെ പെട്ടെന്നുണ്ടാക്കി അയച്ചു കൊടുക്കുന്ന വർക്കുകൾ ഇഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഷാൻ റഹ്മാൻ പറഞ്ഞു.
‘നമ്മൾ ഒരു നാലഞ്ചു ദിവസം ഒക്കെ കഷ്ടപ്പെട്ട് ഇരുന്ന് ഒരു ക്ലാസ് സാധനമൊക്കെ ഉണ്ടാക്കും. അത് കേട്ടിട്ട് ഇത് ഞാൻ തന്നെയാണോ ഉണ്ടാക്കിയത് എന്ന് നമ്മൾ തന്നെ അത്ഭുതപ്പെട്ടു പോകും. എന്നിട്ട് അത് ഡയറക്ടർക്ക് അയച്ചു കൊടുക്കുന്നതിന് ഒരു പത്തു മിനിറ്റ് മുമ്പ് വെറുതെ ഒരു കൂറ ഐറ്റം ഉണ്ടാക്കും.
അതെന്തിനാണെന്ന് വെച്ചാൽ ഇത് വേണ്ട, മറ്റേത് മതി എന്ന രീതിയിൽ താരതമ്യം ചെയ്യാൻ വേണ്ടിയാണ്. എന്നാൽ ചിലപ്പോൾ ഡയറക്ടർ വിളിച്ചു പറയുക, ഷാൻ, ആ രണ്ടാമത് അയച്ച സാധനം മാസ് ആണ്, അത് മതി എന്നായിരിക്കും. അങ്ങനെയും ചിലപ്പോൾ സംഭവിക്കാറുണ്ട്,’ ഷാൻ റഹ്മാൻ പറഞ്ഞു.
ഷാൻ റഹ്മാൻ. Photo. Facebook