| Thursday, 6th May 2021, 8:57 pm

ദേശത്തിന്റെയും കൈവിട്ടു പോയ കാലത്തിന്റെയും ആഖ്യാനമായ മലയാള നോവല്‍

ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി.

മുഹമ്മദ് റാഫി എന്‍.വിയുടെ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവലില്‍ എന്നെ ആകര്‍ഷിച്ചതും ഇഷ്ടപ്പെട്ടതുമായ പ്രധാന കാര്യം കുറെ അധികം പെണ്ണുങ്ങള്‍ ഈ നോവലില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട് എന്നതാണ്. സമീറ, ഷാഹിദ, സുഹറ, കുഞ്ഞാമിത്ത, ഭര്‍ത്താവിനെ സ്വന്തം ഇഷ്ടപ്രകാരം വേണ്ടാന്ന് വെച്ച് പുതിയ ഒരു വിവാഹത്തിന് തയ്യാറായ മൂത്തമ്മ തുടങ്ങി രസകരമായും അനന്വയമായ രീതീയിലും ആവിഷ്‌കരിക്കപ്പെട്ട കുറെ അധികം പെണ്ണുങ്ങളുടെ ജീവിതം ഇതിലുണ്ട്.

പൊതുവെ ഒരു ദേശത്തിന്റെ കഥ വരുമ്പോഴും ഭൂതകാല സ്മരണകള്‍ വരുമ്പോഴും അവിടുത്തെ ആണ്‍ കൂട്ടുകെട്ടുകളുടെ ജീവിതം പിന്തുടരുന്ന പോലെയാണ് വരാറുള്ളത്. പെണ്ണുങ്ങളുടെ ബാല്യജീവിതവും മറ്റും അധികം പിന്തുടര്‍ന്ന് കണ്ടിട്ടില്ല. വൈക്കം മുഹമ്മദ് ബഷീര്‍ മാര്‍ക്കകല്യാണം സാഹിത്യത്തില്‍ ആവിഷ്‌കരിച്ചപ്പോള്‍ അക്കാലത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായല്ലോ. പിന്നീട് അധികമൊന്നും മുസ്‌ലിം സാമൂഹിക ജീവിതാനുഭവങ്ങള്‍ സാഹിത്യത്തില്‍ ചിത്രീകരിച്ചു കണ്ടിട്ടില്ല.

മാര്‍ക്ക കല്യാണം, മയ്യത്ത് സംസ്‌കരണം, വയള്, കയ്യേത്ത് ഇച്ച മസ്താന്റെ പാട്ട്, പഠിപ്പിക്കുന്ന ഉസ്താദ്, നബിദിനം, ഉറൂസ് കുത്താ റാത്തീബ് നേര്‍ച്ച കഴിക്കല്‍, ഇരുപത്തേഴാം രാവ് ബദ്രീങ്ങളുടെ നേര്‍ച്ച, മൗലൂദ് മദ്രസാ ജീവിതം തുടങ്ങി ധാരാളം ആചാരങ്ങളുടെ അനുഭവം എന്ന നിലക്കു തന്നെയുള്ള ജീവിതാനുഭവങ്ങള്‍ ഈ നോവലിനകത്ത് നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. മതപരം എന്നതിലുപരി അക്കാലത്തുണ്ടായിരുന്ന പങ്കുവെക്കലുകളുടെ ഒരു തലം എന്ന നിലക്കു തന്നെയുള്ള ജീവിതാനുഭവങ്ങളായിരുന്നു ഇവ.

നാം കയ്യൊഴിഞ്ഞ് പോന്ന പങ്കു വെക്കലിന്റെ സാമൂഹിക ജീവിതങ്ങളായ ഉല്‍സവം, പൊരകെട്ട്, പണം, പയറ്റ്, മകരക്കൊയ്ത്ത് തുടങ്ങിയ ആചാര സമാനമായ ഭൂതകാല ജീവിതാനുഭവങ്ങള്‍ ഇത് ഓര്‍മപ്പെടുത്തിത്തരുന്നു. നോവലിലെ പ്രമേയ ജീവിതത്തില്‍ ഇവ ശക്തമായി നിറഞ്ഞു നില്‍ക്കുന്നു.

അതുപോലെ ജിന്നും കുട്ടിച്ചാത്തനും ശൈഖന്‍മാരും ഒക്കെ അടങ്ങുന്ന ദൈവികേതരമായ ശക്തികളുടെ ഒരു സ്വകാര്യ ലോകം അന്ന് പലര്‍ക്കും ഉണ്ടായിരുന്നിരിക്കാം, ആ തരത്തിലൊക്കെയുള്ള ഭൂതകാല ജീവിതം നമുക്ക് വീണ്ടെടുത്തു തരുന്നു എന്നതാണ് ഈ നോവലിന്റെ മറ്റൊരു സവിശേഷതയായി തോന്നുന്നത്.

സാമ്പ്രദായിക ജീവിതാനുഭവങ്ങള്‍ പോലെ തന്നെ റേഡിയോ, വൈദ്യുതിടോര്‍ച്ച് തുടങ്ങിയ ആധുനികമായ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന മൂല്യവ്യവസ്ഥയും അത് സാമ്പ്രദായിക മൂല്യവ്യവസ്ഥക്കകകത്ത് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും ആണ് ഈ ആഖ്യാനം ചിത്രീകരിക്കുന്നത്.

ഇത് ഉപയോഗിച്ചു പരിചിതമായ ഒരു തലമുറക്കും ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും ഇടയിലുള്ള ഒരു കാലം ഇതില്‍ കടന്നു വരുന്നു. ഒരു ഗ്രാമത്തില്‍ വൈദ്യുതി കടന്നു വരുന്നതും ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നതും തിയറ്ററില്‍ സിനിമ കാണാന്‍ പോകുമ്പോഴുള്ള തടസ്സങ്ങളും അത് നമ്മുടെ മൂല്യവ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും മാറ്റങ്ങളും നോവലില്‍ ഉള്‍ച്ചേരുന്നുണ്ട്.

ഇതിലെ സ്ത്രീ കഥാപാത്രമായ സെമീറക്ക് പൊതുവെ നമ്മുടെ സാമൂഹിക മൂല്യവ്യവസ്ഥ ആണ്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന സവിശേഷതകള്‍ ആഖ്യാതാവ് കല്‍പ്പിച്ചു നല്‍കുന്നു. ആഖ്യാതാവായ ആണിനാവട്ടെ പെണ്ണത്തം (സമൂഹം സൃഷിടിച്ചു വെച്ച ) കല്പിച്ചു നല്‍കാനും ശ്രമിക്കുന്നു. ഇത് എഴുത്തുകാരന്‍ ബോധപൂര്‍വം നല്‍കിയതാണ് എന്നാണ് തോന്നിയത്.

ആണും പെണ്ണുമായി ലോകത്തെ നമ്മള്‍ പകുത്തതിന്റെ ഒരു പ്രശ്‌നം കൂടിയാണിത്. പക്ഷെ ഇവിടെ സ്വതന്ത്രയായ ഒരു സ്ത്രീയെ ചിത്രീകരിക്കാന്‍ അവള്‍ക്ക് ആണത്തം കല്പിച്ചു നല്‍കുക എന്നൊരു എളുപ്പവഴി ചിത്രീകരിച്ചതു പോലെ എനിക്കു തോന്നി. അതു കൊണ്ട് തന്നെ ആണ്‍ പെണ്‍ ദ്വന്ദം എന്നതിനെ ഈ നോവലിന് മറികടക്കാനും ബന്ധങ്ങള്‍ക്കകത്തെ അധികാരസ്ഥാനത്തെ മാറ്റിവെക്കാനും പറ്റുന്നില്ല.

മറ്റൊന്ന് ഒരു പുരുഷനു വേണ്ടിയുള്ള രണ്ട് സ്ത്രീകളുടെ അസൂയയാണ്. നോവലില്‍ നായകത്വം ഉറപ്പിക്കാന്‍ വേണ്ടിയെന്നോണം അത് ചിത്രീകരിക്കുമ്പോള്‍ ഈ നോവല്‍ മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്ന മൂല്യവ്യവസ്ഥ തകിടം മറിഞ്ഞോ എന്നൊരു സംശയം ഇല്ലാതല്ല. സ്ത്രീകളെ സംബന്ധിച്ച ഈ ഒരു അബോധ ധാരണ വിമര്‍ശിക്കപ്പെടേണ്ടതു തന്നെ. ഇങ്ങിനെ രണ്ട് പ്രശ്‌നങ്ങള്‍ എടുത്തു പറഞ്ഞു എന്നതു കൊണ്ട് മാത്രം ഈ നോവലിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല.

ഇതെന്റെ വ്യക്തിപരമായ വിയോജിപ്പുകള്‍ മാത്രമാണ്. ഈ നോവല്‍ നല്‍കുന്ന വായനാനുഭവം ഇതൊന്നുമല്ല. നമുക്ക് കൈ വിട്ടു പോയ ഒരു പ്രത്യേക കാലത്തിന്റെയും ദേശത്തിന്റെയും ഓര്‍മകളും ജീവിതവുമാണ് ഒരു ദേശം ഓനെ വരയ്ക്കുന്നത്. നമ്മുടെയൊക്കെ കൈവിട്ടു പോയ സ്വകാര്യ ലോകങ്ങളുടെ ജീവിതാനുഭവം തരുന്ന വളരെ പ്രധാനപ്പെട്ട ഒരു നോവലാണിത്. ഇങ്ങിനെ ഒരു നോവല്‍ മലയാളത്തിനു തന്നതിന് നോവലിസ്റ്റിന് നന്ദി പറയുന്നു.

നോവലില്‍ പ്രതിപാദിക്കുന്ന മുഹിയുദ്ധീന്‍ മാല എന്ന അറബി മലയാള കാവ്യം നിസ അസീസി ആലപിക്കുന്നതിന്റെ വീഡിയോ

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Book review of malayalam novel Oru Desham One Varakkunu

ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി.

പ്രൊഫസര്‍ (മലയാള വിഭാഗം) ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല

Latest Stories

We use cookies to give you the best possible experience. Learn more